കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ചകളുമായി ചമയ പ്രദർശനം തുടങ്ങി; പാറമേക്കാവ് അഗ്രശാലയും തിരുവമ്പാടി കൗസ്തുഭവും നിറഞ്ഞ് സന്ദർശകർ

തൃശ്ശൂർ: പൂരപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന തൃശ്ശൂർ പൂരം നാളെ നടക്കാനിരിക്കെ പൂരച്ചമയ പ്രദർശനം ആരംഭിച്ചു.

കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ചകളുമായി പാറമേക്കാവ് അഗ്രശാലയും തിരുവമ്പാടി കൗസ്തുഭവും മാറി. രണ്ട് ദിവസം ചമയക്കാഴ്ചകൾ കണ്ട് കണ്ണും മനസ്സും നിറയ്ക്കാം.

പൂരത്തിന് വൻ ജനത്തിരക്ക് കണക്കിലെടുത്താണ് പതിവിന് വിപരീതമായി തിരുവമ്പാടി വിഭാഗം ചമയപ്രദർശനം രണ്ട് ദിവസമായി നടത്താൻ തീരുമാനിച്ചത്. പാറമേക്കാവിന്റെ ചമയ പ്രദർശനം ഇന്ന് രാവിലെ 10.30 ന് സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടിയുടെ ചമയപ്രദർശനം കൗസ്തുഭം ഓഡിറ്റോറിയത്തിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവർ പങ്കെടുത്തു.

വൻ തിരക്കാണ് ചമയ പ്രദർശനത്തിൽ അനുഭവപ്പെടുന്നത്. രാത്രി പത്തുവരെ ചമയ പ്രദർശനം ഉണ്ടാകും. പൂരത്തിന്റെ കുടമാറ്റത്തിനായി ഒരുക്കിയ സ്‌പെഷ്യൽ കുടകളും വർണ്ണകുടകളും, ആലവട്ടങ്ങളും, വെഞ്ചാമരങ്ങളും, നെറ്റിപ്പട്ടങ്ങളും ചമയപ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisement