ഏതൊരു ജീവിയുടെയും ആദ്യ ഗുരുവും വഴികാട്ടിയും അമ്മയാണ്. ജീവിതത്തിലേക്ക് മുന്നേറുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചാണ് അമ്മ മക്കളെ ലോകത്തിനായി നല്‍കുന്നത്. അത്തരത്തില്‍ വഴി കാട്ടിയായ സ്വന്തം അമ്മയെപ്പറ്റി മാതൃദിനത്തില്‍ ആകാശവാണി മുന്‍ ഉദ്യോഗസ്ഥന്‍ മുരളീധരന്‍ തഴക്കരയുടെ അനുസ്മരണം

ജീവിതത്തിന് വഴിയും വെളിച്ചവും തെളിച്ചവുമേകിയ അമ്മ !!! മണ്ണിൽ ചവിട്ടിയില്ലെങ്കിൽ മനസ്സിൽ വളംകടിക്കുമെന്ന് പറഞ്ഞു തന്ന അമ്മ !!! അടുക്കളയാണ് ആശുപത്രി , ആഹാരമാണ് മരുന്ന്, അമ്മയാണ് യഥാർത്ഥ ഡോക്ടർ എന്ന് പറഞ്ഞു തന്ന അമ്മ !!! എരുത്തിലിൽ നിൽക്കുന്ന പശുക്കളോട് സംവദിക്കുന്ന അമ്മ !!! അമ്മിണി പശുവിനും നന്ദിനിക്കും പുല്ലു പറിച്ചില്ലെങ്കിൽ അത്താഴം തരാതെ പട്ടിണിക്കിടുമെന്ന് ഭീഷണിപ്പെടുത്തുന്ന അമ്മ !!!

ത്രിസന്ധ്യക്ക് നാമം ജപിച്ചില്ലെങ്കിൽ ശകാരിക്കുന്ന അമ്മ !!! വായാടണണമെങ്കിൽ കൈയ്യാടണമെന്നും, ഒരു വിത്ത് കുഴിച്ചുവെയ്ക്കാനും തൈപറിച്ചു നടാനും പ്രചോദിപ്പിച്ച അമ്മ !!! പലചരക്കു കടയിൽ നിന്നു സാധനങ്ങൾ പൊതിഞ്ഞു തരുന്ന പത്രക്കഷ്ണം പോലും വായിക്കണമെന്ന് നിർബന്ധിക്കുന്ന അമ്മ !!! നന്നായി പഠിച്ചില്ലെങ്കിൽ വഴിയാധാരമാകുമെന്നും, ആക്രി പെറുക്കി നടക്കേണ്ടിവരുമെന്നും ഓർമപ്പെടുത്തുന്ന അമ്മ !!!വീടിന് വിളക്കും ഐശ്വര്യവുമായിരുന്ന അമ്മ !!! ചന്ദനത്തിരി പോലെ സുഗന്ധം പരത്തി എരിഞ്ഞു തീർന്ന അമ്മ !!! ഇന്നും കരുതലും കാവലും കൈപ്പുണ്യവുമായി മനസ്സിൽ കുടിയിരിക്കുന്ന അമ്മ !!! അമ്മയ്ക്കൊരുമ്മ!!! അമ്മതൻ പാദാരവിന്ദങ്ങളിൽ വിനീത പ്രണാമം