പന്തളം: ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കി നോട്ടീസ് ബോർഡ് സ്ഥാപിച്ച സംഭവം വിവാദമായതോടെ ബോർഡ് നീക്കി.

ക്ഷേത്രത്തിന്റെ മുൻവാതിലിൽ കൂടി സ്ത്രീകൾ പ്രവേശിക്കരുതെന്ന് കാട്ടിയാണ് ക്ഷേത്രഭരണസമിതി ബോർഡ് വച്ചത്. പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതീ ക്ഷേത്രത്തിലാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ബോർഡ് ഉയർന്നത്. ബോർഡ് നീക്കം ചെയ്ത ശേഷം സംഭവത്തിൽ വിശദീകരണവും ഭരണ സമിതി നൽകി.

രാഷ്ട്രീയപരമായി ഈ സംഭവത്തെ കാണരുതെന്നാണ് ക്ഷേത്ര ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചത്. സിപിഎം അനുഭാവികൾ മാത്രമല്ല ഇവിടെ ഭരണം നടത്തുന്നത്. മറ്റ് പാർട്ടികളിൽപെട്ടവരും ഭരണസമിതിയിലുണ്ട്. അവരുടെ നിർദ്ദേശ പ്രകാരമാണ് ബോർഡ് സ്ഥാപിച്ചത്.

ക്ഷേത്രവുമായി ബന്ധപ്പെട്ട പാലപ്പള്ളിൽ വല്യച്ഛന്റേയും ഊരാൺമക്കാരന്റേയും നിർദ്ദേശത്തെയും പറയ്ക്കെഴുന്നള്ളിപ്പ് സമയത്ത് ക്ഷേത്രത്തിൽ എത്തിച്ചേർന്ന വിശ്വാസികളുടെയും അഭിപ്രായത്തെ മാനിച്ച്‌ ഭരണസമിതി അംഗങ്ങളുമായി അനൗദ്യോഗികമായി ആലോചിച്ചിട്ടാണ് ‘സ്ത്രീകൾ ഇതുവഴി അകത്തേക്ക് പ്രവേശിക്കരുത് ‘ എന്ന ബോർഡ് ക്ഷേത്രത്തിന്റെ മുൻവാതിലിൽ സ്ഥാപിച്ചത്.

ക്ഷേത്രത്തിന്റെ മുൻവശത്തെ വാതിലിന്റെ ഉമ്മറപ്പടിയുടെ ഉയരം കൂട്ടി വെച്ചിരിക്കുന്നതിന്റെ കാരണം അതുവഴി സ്ത്രീകൾ പ്രവേശിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും എന്ന ഉദ്ദേശത്തോടെയാണ് എന്നാണ് മനസിലാക്കിയത്. എന്നാൽ ഇതിലെ സദുദ്ദേശം മനസിലാക്കാതെ നവ മാധ്യമങ്ങളിലും അല്ലാതെയും വിവിധ കേന്ദ്രങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ബോർഡ് നീക്കം ചെയ്തിട്ടുണ്ട് എന്നും അവർ വ്യക്തമാക്കി.