അയോധ്യ പ്രതിഷ്ഠാദിനത്തിൽ പ്രത്യേകപൂജകളും മംഗളാരതിയും നടത്തണം,കർണാടക സർക്കാർ വകുപ്പ് ഉത്തരവിറക്കി

ബംഗളൂരു: അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മുസ്‍രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തണമെന്ന് കർണാടക സർക്കാർ ഉത്തരവ്.പ്രത്യേക പ്രാർഥനകളും പ്രതിഷ്ഠയുടെ മുഹൂർത്തത്തിൽ മംഗളാരതിയും നടത്തണമെന്നാണ് ഉത്തരവ്.

മുസ്‍രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് പൂജകൾ നടത്തേണ്ടത്.കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനായാണ് പൂജകൾ നടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു.രാമക്ഷേത്രത്തിൻറെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതൃത്വം പങ്കെടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുമ്പോഴാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരിൻറെ ഈ ഉത്തരവ്.

അയോധ്യാ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ആര് പങ്കെടുത്താലും കുറ്റപ്പെടുത്താനില്ലെന്ന് മുസ്ലീം ലീഗ് ദേശീയ പ്രസിഡൻറ് കെ. എം. ഖാദർ മൊയ്തീൻ വ്യക്തമാക്കി. . കോൺഗ്രസ്സ് പോകണമെന്നോ പോകരുതെന്നോ ലീഗ് പറയില്ല. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നതാണ് പാർട്ടി നിലപാട് . അയോധ്യയിൽ സമാധാനം പുലരണം എന്നാണ് പ്രാർത്ഥനയെന്നും ഖാദർ മൊയ്തീൻ ചെന്നൈയിൽ പറഞ്ഞു

Advertisement