ബെംഗളുരു: ബെംഗളൂരുവിൽ നടുറോഡിൽ യുവാവിനെ കൈകാലുകൾ കെട്ടിയിട്ട് ചുട്ടുകൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ പാദരായണപുര സ്വദേശിയായ സെയ്ദ് മുഹമ്മദിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിൽ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. യുവാവിനെ ആക്രമിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ബെംഗളൂരു വീരഭദ്ര നഗറിലുള്ള വീരണ്ണ ഗുട്ടയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. പാദരായണപുര സ്വദേശിയായ 45-കാരൻ സെയ്ദ് അജി മുഹമ്മദിനെയാണ് അക്രമികൾ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്നയാളാണ് സെയ്ദ്. ഇന്ന് രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇയാൾ വീരണ്ണ ഗുട്ടയിലേക്ക് എത്തിയത്. ആളൊഴിഞ്ഞ കുന്നിൻ മുകളിലേക്ക് സെയ്ദിനെ എത്തിച്ച പ്രതികൾ, കൈകാലുകൾ കൂട്ടിക്കെട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നു. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ സെയ്ദ്, കുന്നിൻ മുകളിൽ നിന്നും താഴെയുള്ള റോഡിലേക്ക് ഉരുണ്ടുവീണു.
സമീപവാസികളും യാത്രക്കാരും ചേർന്നാണ് പൊള്ളലേറ്റ് റോഡിൽ കിടന്നിരുന്ന സെയ്ദിനെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയത്. പൊലീസെത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്ന വീരണ്ണ ഗുട്ടയിലെ ഈ ആളൊഴിഞ്ഞ പ്രദേശം, സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയയുടെയും കേന്ദ്രമാണെന്ന് നാട്ടുകാർ ആരോപിച്ചു. തൊഴിൽപരമായി തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.




























