തിരുവനന്തപുരം. സംസ്ഥാനത്ത് വീണ്ടും മരംമുറിക്ക് വഴിയൊരുക്കുന്ന ഉത്തരവുമായി വനംവകുപ്പ്. പട്ടയ ഭൂമിയിൽ നിന്ന് സംരക്ഷിത പട്ടികയിൽ ഉൾപെടാത്ത മരങ്ങൾ മുറിക്കാമെന്നായിരുന്നു കോട്ടയം ഹൈറേഞ്ച് ഡിവിഷൻ സിസിഎഫിന്റെ ഉത്തരവ്. കർഷകരുടെ ആവശ്യം പരിഗണിച്ചെന്ന് ആദ്യം വിശദീകരിച്ചെങ്കിലും സർക്കുലർ വിവാദമായതോടെ വനംവകുപ്പ് പിൻവലിച്ചു.
കഴിഞ്ഞ 10 നാണ് കോട്ടയം ഹൈറേഞ്ച് ഡിവിഷൻ സിസിഎഫ് വിനോദ് കുമാർ DK ഉത്തരവിറക്കിയത്. പട്ടയഭൂമിയിൽ നിന്ന് വീട്ടി, ചന്ദനം, തേക്ക് അടക്കമുള്ള സംരക്ഷിത മരങ്ങൾ ഒഴികെ മറ്റു മരങ്ങൾ മുറിക്കാമെന്നായിരുന്നു ഉത്തരവ്. താന്നി, മരുത്, കശുമാവ് ഉൾപ്പെടെയുള്ളവ മുറിക്കാം. മുട്ടിൽ മരംമുറിയെ പോലെ വ്യാപക വനകുറ്റകൃത്യങ്ങൾക്ക് ഈ ഉത്തരവ് ഇടയാക്കുമെന്ന് പരാതി ഉയർന്നു. വൻ വിവാദമായതോടെ പിൻവലിച്ചു
പട്ടയഭൂമിയിൽ തങ്ങൾ വെച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്ന് ഇടുക്കി മുള്ളരിങ്ങാട് വച്ച്
കഴിഞ്ഞ മാസം 29 ന് വനംമന്ത്രി പങ്കെടുത്ത യോഗത്തിൽ കർഷകർ ആവശ്യപ്പെട്ടിരുന്നു. 1977 ന് മുമ്പ് പട്ടയം നൽകിയിട്ടുള്ള ഭൂമിയിൽ നിന്നും കർഷകർ വച്ച് പിടിപ്പിച്ച മരങ്ങൾ പോലും മുറിക്കുന്നതിന് വനം വകുപ്പ് അനുവാദം നൽകുന്നില്ലെന്ന് കർഷകർ പരാതിപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഉത്തരവ് ഇറക്കിയതെന്നാണ് CCF ഉത്തരവിലൂടെ വിശദീകരിച്ചത്
1977 ന് മുൻപ് ഭൂമി കൈവശം വെച്ചവർക്ക് പട്ടയം നൽകിയിട്ടുണ്ടെങ്കിലും പൂർണമായും റവന്യൂ ഭൂമി ആയിട്ടില്ല. പലതും വനഭൂമിയായാണ് ഇപ്പോഴും രേഖകളിലുള്ളത്. അങ്ങനിയിരിക്കെ ഉത്തരവിന്റെ മറവിൽ വനസമ്പത്ത് കൂടി കൊള്ളയടിക്കാൻ ഇടയുണ്ട്. കൂടുതൽ വ്യക്തത ആവശ്യമുള്ളതിനാൽ ഉത്തരവ് പിൻവലിക്കുന്നുവെന്നും 1993ലെ സ്പെഷൽ റൂളിലെ മരങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് നിയമ പരമായ പരിശോധന ആവിശ്യമാണെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പറയുന്നുണ്ട്. കോതമംഗലം, മൂന്നാർ, മറയൂർ അടക്കം വലിയ വനസമ്പത്തുള്ള 6 ഡിവിഷനുകളാണ് കോട്ടയം ഹൈറേഞ്ച് സിസിഎഫിന്റെ പരിധി..

































