28 C
Kollam
Wednesday 30th September, 2026 | 09:55:35 AM
Home News Breaking News കേരളത്തില്‍ യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി ക്യാംപസിന് വഴി ഒരുങ്ങി

കേരളത്തില്‍ യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി ക്യാംപസിന് വഴി ഒരുങ്ങി

കൊച്ചി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ നേട്ടമാകുന്ന പദ്ധതിക്ക് വഴിയൊരുങ്ങുന്നു. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റിയുടെ (യുഎന്‍യു) പുതിയ കാപസ് കൊച്ചിയില്‍ ആരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കംപാരറ്റീവ് റീജിയണല്‍ ഇന്റഗ്രേഷന്‍ സ്റ്റഡീസിന്റെ (യുഎന്‍യു-സിആര്‍ഐഎസ്) കാംപസാണ് കൊച്ചിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

കളമശ്ശേരിയിലെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വളപ്പില്‍ കാംപസ് സ്ഥാപിക്കാനാണ് ധാരണയായിട്ടുള്ളതെന്ന് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അച്യുത്ശങ്കര്‍ എസ് നായര്‍ വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യുഎന്‍യു അധികൃതരുമായി ഒരു മാസം മുന്‍പ് പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു.

കുസാറ്റ്, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്), സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) എന്നീ നാല് മുന്‍നിര സ്ഥാപനങ്ങളെ പദ്ധതിയില്‍ പങ്കാളികളാക്കാനാണ് നിര്‍ദ്ദേശം. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള പഠനകേന്ദ്രമാണ് യുഎന്‍ യൂണിവേഴ്സിറ്റി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ സര്‍വകലാശാലയുടെ നേരിട്ടുള്ള കാമ്പസിന് പകരം പങ്കാളിത്ത സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത കോഴ്സുകള്‍ ആരംഭിക്കാനാണ് നീക്കം.

ഇതിന്റെ ഭാഗമായി യുഎന്‍യു-സിആര്‍ഐഎസും നുവാല്‍സും ചേര്‍ന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് ഗവേണന്‍സില്‍ ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ പൂര്‍ണസജ്ജമായ കാമ്പസ് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളും അക്കാദമിക സൗകര്യങ്ങളും കുസാറ്റില്‍ നിലവിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here