കൊച്ചി. ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യാന്‍ മെറ്റയോട് ഹൈക്കോടതി. രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ദലിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് നടത്തിയ പ്രസ്താവന അടങ്ങുന്ന വീഡിയോ നീക്കം ചെയ്യണമെന്നും, വിവാദ പരാമര്‍ശം നടത്തിയ സണ്ണിക്കെതിരെ നടപടി വേണമെന്നുമാണ് ഹര്‍ജിയില്‍ രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടിരുന്നത്.
വീഡിയോ താല്‍ക്കാലികമായി നീക്കം ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ മെറ്റയോട് ആവശ്യപ്പെട്ടു. സണ്ണി എം കപിക്കാടിന്റെ പരാമര്‍ശം അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. അതിനാല്‍ പ്രസ്തുത വീഡിയോ ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ മെറ്റ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് ഒക്ടോബര്‍ മാസം വീണ്ടും കോടതി പരിഗണിക്കും.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന പരിപാടിക്കിടെയാണ് സണ്ണി എം. കപിക്കാട് ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ശബരിമല ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് കേരള പൊലീസ് സണ്ണി എം കപിക്കാടിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അദ്ദേഹം പിന്നീട് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
































