കൊച്ചി: റോഡപകടം ഉണ്ടാക്കി വാഹനം നിർത്താതെ കടന്നുകളയുന്ന ഹിറ്റ് ആൻഡ് റൺ കേസുകൾ ഫലപ്രദമായി അന്വേഷിക്കാൻ ജില്ലതോറും പ്രത്യേക പൊലീസ് സ്ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണം സ്ക്വാഡിന്റെ പ്രവർത്തനമെന്നും കോടതി നിർദേശിച്ചു.
അപകടമുണ്ടാക്കിയ വാഹനങ്ങളെ കണ്ടെത്താനാകാത്തതിനാൽ ഇരകൾക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ജി. ഗിരീഷ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹിറ്റ് ആൻഡ് റൺ അപകടങ്ങളെ സംബന്ധിച്ച മൂന്ന് ഹർജികൾ പരിഗണിച്ച ശേഷമാണ് കോടതി നിർദേശം നൽകിയത്.
ജില്ലകളിലെ പ്രത്യേക സ്ക്വാഡുകൾ പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ഇത്തരം കേസുകൾ സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിന് സൈബർ പൊലീസിന്റെ സഹായം ഉറപ്പാക്കണമെന്നും പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക ഫോൺ നമ്പറുകൾ ലഭ്യമാക്കണമെന്നും നിർദേശിച്ചു.
ഹിറ്റ് ആൻഡ് റൺ അപകടങ്ങളിൽ ഇരകൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ നിയമഭേദഗതി പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. നിലവിലെ ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്‌സിഡന്റ് സ്‌കീം-2021 പ്രകാരമുള്ള നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മാതൃകയിൽ പ്രത്യേക ഫണ്ട് രൂപീകരിച്ച് നഷ്ടപരിഹാരം നൽകുന്നതും പരിഗണിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനുള്ള തുക പിഴയിനത്തിലോ ഇൻഷുറൻസ് പ്രീമിയത്തിലെ വിഹിതത്തിലോ നിന്ന് കണ്ടെത്താമെന്നും ചൂണ്ടിക്കാട്ടി.
തുടർനടപടികൾക്കായി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വിധിപ്പകർപ്പ് അയയ്ക്കാനും കോടതി നിർദേശിച്ചു. കൊച്ചി കടവന്ത്രയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കേസും നെടുമ്പാശേരിയിൽ ബാങ്ക് ഉദ്യോഗസ്ഥനെ കാർ ഇടിച്ച കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കാനും കോടതി ഉത്തരവിട്ടു.




























