29.8 C
Kollam
Thursday 3rd September, 2026 | 03:16:18 PM
Home News Kerala മലപ്പുറത്ത് വിദ്യാർത്ഥികൾ തമ്മിലടിച്ച സംഭവത്തിൽ 40 പേർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

മലപ്പുറത്ത് വിദ്യാർത്ഥികൾ തമ്മിലടിച്ച സംഭവത്തിൽ 40 പേർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

മലപ്പുറം. ചെറിയമുണ്ടം ഗവ. ഹയർസെക്കന്ററി സ്‌കൂളിന് സമീപത്ത് വിദ്യാർത്ഥികൾ തമ്മിലടിച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്.ജാമ്യമില്ലാവകുപ്പ് പ്രകാരം തിരൂർ പൊലീസ് ആണ് കേസെടുത്തത്.
വ്യാഴാഴ്ച വൈകിട്ടാണ് വിദ്യാർത്ഥികൾ തമ്മിലടിച്ചത്.

ചെറിയമുണ്ടം ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠിച്ചിറങ്ങിയവരും നിലവിൽ പ്ലസ്ടവിന് പഠിക്കുന്ന വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം. പ്ലസ്‌ടു കഴിഞ്ഞ ചില വിദ്യാർഥികൾ കഴിഞ്ഞ ദിവസം സ്‌കൂളിൽ ടിസി വാങ്ങാൻ എത്തിയിരുന്നു. ഇവരെ ഇപ്പോൾ പഠിക്കുന്ന ചില വിദ്യാർഥികൾ ചേർന്നു മർദിച്ചു. തുടർന്ന് സംഘടിച്ചെത്തിയ പൂർവ വിദ്യാർത്ഥികൾ നിലവിലെ വിദ്യാർഥികളുമായി സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. സ്‌കൂളിന് സമീപം റോഡിലായിരുന്നു സംഘർഷം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് തിരൂർ പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെയാണ് കേസ്. സംഘർഷമുണ്ടായതിനെ തുടർന്ന് സ്‌കൂളിൽ ചെറിയമുണ്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. സംഘട്ടനങ്ങൾ ആവർത്തിച്ചാൽ നാട്ടുകാരുടെ സഹകരണത്തോടെ നടപടി കടുപ്പിക്കാൻ ആണ് തീരുമാനം