28 C
Kollam
Thursday 20th August, 2026 | 12:42:35 PM
Home News Kerala വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി : വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി. മാതാപിതാക്കളുടെ ജീവിതകാലത്തുതന്നെ രജിസ്റ്റർ ചെയ്ത മകളുടെ വിവാഹമോചനക്കേസിൽ ഔദ്യോഗിക വിധി വരുന്നത് മാതാപിതാക്കളുടെ മരണശേഷമാണെങ്കിലും കുടുംബ പെൻഷന് പൂർണ അവകാശമുണ്ടെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.


മിലിട്ടറി പെൻഷൻ ലഭിച്ചിരുന്ന അന്തരിച്ച സൈനികന്റെ വിവാഹമോചിതയായ മകൾക്ക്‌ കുടുംബ പെൻഷൻ നൽകാൻ ഉത്തരവിട്ട സായുധ സേനാ ട്രിബ്യൂണലിന്റെ കൊച്ചി റീജണൽ ബെഞ്ചിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് എസ് മനു, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്‌. കണ്ണൂർ എരുവട്ടി സ്വദേശിയായ യുവതിക്ക് അനുകൂലമായാണ് വിധി.


യുവതിയുടെ പിതാവ് ഇന്ത്യൻ ആർമിയിൽ ലാൻസ് ഹവിൽദാർ/നായിക് ആയിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം ഭാര്യക്ക്‌ പെൻഷൻ ലഭിച്ചിരുന്നു. പിന്നീട്‌ ഇവരും മരിച്ചതോടെയാണ് പെൻഷൻ തുകയ്ക്കായി യുവതി നിയമസഹായം തേടിയത്.