കണ്ണൂർ.വിനോദസഞ്ചാര കേന്ദ്രമായ പൈതല്‍മലയില്‍ ഇടിമിന്നലേറ്റു യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫിസ് ജീവനക്കാരി കൊല്ലാടയിലെ അഞ്ജു മാത്യു (30) ആണ് മരിച്ചത്.മൺസൂണിൽ പൈതൽ മലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയതായിരുന്നു ദമ്പതികൾ.
വൈകുന്നേരം നാലു മണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണു അപകടം.
സംഭവസമയത്തു അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നു. സോനു സെബാസ്റ്റ്യനു പുറമെ ഫോറസ്റ്റ് വാച്ചർ സനീഷിനും ഇടിമിന്നലേറ്റു. ഇരുവർക്കും പരുക്കുണ്ട്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിനു തടസ്സമായി.
അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അഞ്‌ജുവിനെയും ഭർത്താവ് സോനുവിനേയും കരുവൻചാല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഫോറസ്റ്റ് വാച്ചർ സനീഷ് ആലക്കോട് സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.
മഴക്കാലത്ത് ഇടിമിന്നല്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും പ്രതികൂല കാലാവസ്ഥയുള്ള സമയങ്ങളില്‍ മലകയറ്റവും ട്രെക്കിംഗും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഇടിമിന്നല്‍ ജാഗ്രത
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നല്‍ സാധ്യതയും വർധിച്ചിരിക്കുകയാണ്. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ തുറസായ സ്ഥലങ്ങളിലും മലമുകളിലും മരച്ചുവട്ടിലും നില്‍ക്കുന്നത് അപകടകരമാണ്. ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി ഒഴിവാക്കുകയും വൈദ്യുത ഉപകരണങ്ങളില്‍ നിന്ന് അകലം പാലിക്കുകയും വേണം.
കൃഷിപ്പണികളിലും മത്സ്യബന്ധനത്തിലുമുള്ളവർ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി ശ്രദ്ധിക്കണം. ഇടിമിന്നല്‍ കാണുകയോ ഇടിയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്താല്‍ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കോ വാഹനത്തിനുള്ളിലേക്കോ മാറി അഭയം തേടണമെന്ന് ദുരന്തനിവാരണ അധികൃതർ നിർദേശിക്കുന്നു. മഴക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മലനിരകള്‍, തുറസ്സായ മൈതാനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
































