തിരുവനന്തപുരം; ഐപിഎസ് തലപ്പത്തെ മാറ്റത്തിൽ ആക്ഷേപം തീരുന്നില്ല. കേഡർ ചട്ടങ്ങള്‍ മറികടന്നാണ് നിയമനമെന്ന പരാതിയുമായി ഐജിമാർ ഡിജിപിയെ സമീപിച്ചു. സർവ്വീസിൽ മോശം പ്രകടനം കാഴ്ചവച്ച ചിലരെ ജില്ലകളിൽ നിയമിച്ചതിൽ ഡിജിപിക്കും അമർഷമുണ്ട്. ജില്ലകളിൽ നിന്നും മാറ്റിയ മൂന്ന് എസ്പിമാർക്ക് പകരം ചുമതലയും നൽകിയിട്ടില്ല. സ്ഥലമാറ്റപ്പെട്ട ഡിഐജിമാരായ കെ കാർത്തിക്കും, ടി നാരായണനും പുതിയ ചുമതലകള്‍ ഏറ്റടുക്കുന്നതിൽ വ്യക്തിപരമായ തടസ്സവും സർക്കാരിനെ അറിയിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ടു പ്രാവശ്യം ഐഎഎസ് തലപ്പത്ത് അഴിച്ചുപ്പണിയുണ്ടായി. മുഖ്യമന്ത്രി- ആഭ്യന്തരമന്ത്രി ചർച്ച നീണ്ടുപോയതോടെയാണ് ഐപിഎസ് തലപ്പത്തെ അഴിച്ചുപണികള്‍ നീണ്ടത്. ദില്ലയിൽ നടന്ന ചർച്ചകള്‍ക്ക് ശേഷം ബുധനാഴ്ച രാത്രി വൈകിയിിറങ്ങിയ ആദ്യ പൊലിസ് അഴിച്ചുപ്പണി തന്നെ പാളി. മേൽതട്ടിലെ മാറ്റങ്ങളിൽ കൈയടിയെങ്കിലും താഴെ തട്ടിൽ സർക്കാരിന് പിഴച്ചുവെന്നാണ് ആക്ഷേപം. കൊച്ചി, തിരുവനന്തപുരം കമ്മീഷണർ തസ്തികള്‍ ഐജി റാങ്കിലാണ്.പക്ഷെ കൊച്ചി കമ്മീഷണറായി ഐജി റാങ്കിലെ കാളിരാജ് മഹേഷ് കുമാറിനെ തുടരാൻ അനുവദിച്ചപ്പോള്‍ തിരുവനന്തപുരത്ത് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് നിമനം നൽകിയതെന്നാണ് ഒരു വിഭാഗം ഐജിമാരുടെ പരാതി. ഉത്തരമേഖലയിൽ ഐജിയെ നിയമിച്ചതുമില്ല. ദക്ഷിണ മേഖല ഐജിയായി ദീർഘകാലമായിി തുടരുന്ന സ്പർജൻകുമാറിനെ മാറ്റി ഐജിയായ സ്ഥാനകയറ്റം നൽകിയ ഉദ്യോഗസ്ഥർക്ക് അവസരവും നൽകിയില്ലെന്ന് ഐജിമാർ ഡിജിപിയെ നേരിട്ട് കണ്ട് പരാതിപ്പെട്ടു. മാത്രമല്ല ഡിജിപിയുടെ ശുപാർശയിൽപ്പെടാത്തവർ ഉത്തരവ് വന്നപ്പോള്‍ ജില്ലാ പൊലിസ് മേധാവിമാരുമായി.
ട്രാക്ക് റിക്കോർഡ് മോശമായ ചിലരെ അനുരജ്ഞനത്തിൻെറ ഭാഗമായി ജില്ലകളിൽ ഉള്‍പ്പെടുത്തേണ്ടിവന്നപ്പോള്‍ ജൂനിയർ ഐപിഎസ് ഉദ്യോഗസഥർ പുറത്തായി. തിരുവനന്തപുരം റൂറൽ, കോഴക്കോട് റൂറൽ, വയനാട് ജില്ല എസ്പിമാർക്ക് ചുമലയേറ്റ് നാലുമാസം കഴിയുന്നതിന് മുമ്പേ കസേര നഷ്ടമായി. പാലക്കാട് , കോട്ടയം, വയനാട്, തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്നും മാറ്റപ്പെട്ട ഉദ്യോഗസ്ഥർക്ക് പകരം നിയമനവും നൽകിയില്ല. സേനയിലുള്ള അതൃപതി ഡിജിപി ആഭ്യന്തരമന്ത്രിയെ അറിയിച്ചു.
ഇതിനിടെ റെയ്ഞ്ചുകളിൽ നിയമനം ലഭിച്ചവർക്കും പുതിയ സ്ഥലങ്ങളിലേക്ക് പോകാൻ മടിയാണ്. തൃശൂരിൽ നിന്നും കണ്ണൂർ റെയ്ഞ്ചിലേക്കും, തിരുവനന്തപുരം കമ്മീഷണർ പദവിയിൽ നിന്നും തൃശൂർ റെയ്ഞ്ചിലേക്കും മാറ്റിയ ഡിഐജിമാരായ നാരായണനും കാർത്തിക്കും വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടികാട്ടി സ്ഥലമാറ്റം റദ്ദാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ ആവശ്യം സർക്കാർ പരിഗണിക്കുന്നുണ്ട്. കാർത്തിക്കിനെ തിരുവനന്തപുരത്ത് മറ്റൊരു ചുമതല നൽകും. എന്നാൽ കണ്ണൂർ റെയ്ഞ്ചിലേക്ക് ആരെ അയക്കുമെന്ന കാര്യത്തിൽ സർക്കാരിന് ഒരു പിടിയുമില്ല. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ കുറവാണ് കാരണം. പൊലിസ് ഉപദേഷ്ടാവുമായി ആഭ്യന്തരമന്ത്രി ചർച്ച ചെയ്ത തീരുമാനിച്ച പട്ടികയില്‍ ഇടപെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആക്ഷേപവും സേനക്കുള്ളിലുണ്ട്. വിവാദത്തിൽ ആഭ്യന്തരമന്ത്രി പ്രതികരിച്ചില്ല.



































