26.2 C
Kollam
Saturday 5th September, 2026 | 04:28:13 AM
Home News Breaking News എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറില്‍ നെടുമ്പാശേരി വിമാനതാവളത്തിലെ ജീവനക്കാരിയടക്കം മൂന്നംഗ ലഹരിസംഘം പിടിയില്‍

എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറില്‍ നെടുമ്പാശേരി വിമാനതാവളത്തിലെ ജീവനക്കാരിയടക്കം മൂന്നംഗ ലഹരിസംഘം പിടിയില്‍

കൊച്ചി. എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറില്‍ നെടുമ്പാശേരി വിമാനതാവളത്തിലെ ജീവനക്കാരിയടക്കം മൂന്നംഗ ലഹരിസംഘം പിടിയില്‍. നൂറ് ഗ്രാമിലേറെ എംഡിഎംഎയും ലഹരികടത്തിയ കാറും ലഹരിയിടപാടിലൂടെ ലഭിച്ച പണവും പിടിച്ചെടുത്തു. എക്‌സൈസ് സംഘമെത്തിയതിന് പിന്നാലെ എംഡിഎംഎ ശുചിമുറിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട നാലാംപ്രതിക്കായി അന്വേഷണം ഊര്‍ജിതം.


സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായാണ് എക്‌സൈസിന്റെ ലഹരിവേട്ട. തൃശൂര്‍ ഈസ്റ്റ് കോമ്പാറ സ്വദേശിനി ഐവിന്‍, കടമക്കുടി സ്വദേശി നിഖില്‍ പീറ്റര്‍, ഒല്ലൂര്‍ സ്വദേശി ലാറി ജോണ്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഐവിന്‍ നെടുമ്പാശേരി വിമാനതാവളത്തിലെ ഗ്രൗണ്ട് സ്റ്റാഫും നിഖില്‍ പീറ്റര്‍ ഡല്‍ഹി വിമാനത്താവളത്തിലെ ജീവനക്കാരനുമാണ്. വിമാനതാവളത്തില്‍ ജോലി ചെയ്യുന്നതിനിടെയുണ്ടായ സൗഹൃദം ലഹരികച്ചവടത്തിലും ഇരുവരെ പങ്കാളികളാക്കി. ചേരാനല്ലൂരിലെ ഫ്ാറ്റിലാണ് ഐവിനും നിഖിലുമടങ്ങുന്ന ലഹരിസംഘം താമസിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒല്ലൂര്‍ സ്വദേശി ലാറി ജോണ്‍, രക്ഷപ്പെട്ട കളമശേരി സ്വദേശി മുഹമ്മദ് നിയാസ് എന്നിവര്‍ ലഹരിക്കടത്ത് കേസില്‍ നേരത്തെ പിടിയിലായിട്ടുള്ളവരാണ്. കേസിലെ ഒന്നാംപ്രതിയായ ലാറി ഐടി എന്‍ജിനീയറാണ്. കൊച്ചിയിലെ പ്രധാന ലഹരിവിതരണക്കാരാണ് പിടിയിലായ നാലംഗസംഘം. കഴിഞ്ഞ ദിവസം ഒരു കിലോയ്ക്കടുത്ത് എംഡിഎംഎയാണ് ബെംഗളൂരുവില്‍ നിന്ന് നാലംഗ സംഘം കാറില്‍ കടത്തിയത്. എക്‌സൈസ് എത്തുമ്പോള്‍ ബാക്കിയുണ്ടായിരുന്നത് നൂറ്റിപ്പത്ത് ഗ്രാം മാത്രം. എക്‌സൈസ് ഫ്‌ളാറ്റില്‍ എത്തിയതിന് പിന്നാലെ ഇതില്‍ ഒരു ഭാഗം സംഘം നശിപ്പിച്ചു. ശുചിമുറിയിലെ ക്ലോസറ്റില്‍ ഫ്‌ളഷ് ചെയ്തതിന് പുറമെ പുറത്തേക്ക് മഴയില്‍ എറിഞ്ഞു കളഞ്ഞു. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം സാഹസികമായി പിടികൂടി. പക്ഷെ നിയാസ് മാത്രം രക്ഷപ്പെട്ടു.

കൊച്ചിയില്‍ തുടര്‍ച്ചയായി ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന പതിവ് സംഘത്തിനില്ല. ഓരോ തവണയും തങ്ങുന്നത് വെവ്വേറെ ഫ്‌ളാറ്റുകളില്‍ താമസിച്ചാണ് ലഹരിവിതരണം. ബെംഗളൂരുവില്‍ നിന്ന് കാറിലാണ് ലഹരിക്കടത്ത്. ചേരാനല്ലൂരിലെ ഫ്‌ളാറ്റില്‍ നാല് ദിവസം മുന്‍പാണ് സംഘം താമസം തുടങ്ങിയത്. രണ്ട് ദിവസംകൊണ്ട് ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ രൂപയാണ് ലഹരികച്ചവടത്തിലൂടെ ഇവര്‍ സമ്പാദിച്ചത്. ഈ പണവും എക്‌സൈസ് പിടിച്ചെടുത്തു. എറണാകുളം എക്‌സൈസ് ഇന്‍സ്‌പെരക്ടര്‍ ആര്‍. അഭിരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ലഹരിസംഘം കുടുങ്ങിയത്.