Home News Breaking News സ്ഫോടകവസ്തുക്കള്‍ സംഭരിച്ചതിന് പിന്നില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന നീക്കം,എന്‍ഐഎ

സ്ഫോടകവസ്തുക്കള്‍ സംഭരിച്ചതിന് പിന്നില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന നീക്കം,എന്‍ഐഎ

Advertisement

കൊച്ചി.മലപ്പുറത്ത് ലോറിയില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയതിന് പിന്നില്‍ വന്‍ ശൃംഖലയെന്ന് എന്‍ഐഎ. മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ നിര്‍ണായക ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചു.സ്ഫോടകവസ്തുക്കള്‍ സംഭരിച്ചതിന് പിന്നില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന നീക്കം ലക്ഷ്യമിട്ടാണെന്നും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി.


ഫെബ്രുവരിയില്‍ മലപ്പുറം ജില്ലയിലെ ചെമ്മാട്-തലപ്പാറ റോഡിലുള്ള ഫര്‍ഹ ഹോളോ ബ്രിക്‌സ് കമ്പനിയിലാണ് സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയത്്. ഉള്ളികൊണ്ടുവന്ന ലോറിയില്‍ 448 പെട്ടികളിലായി 89,600 ജെലാറ്റിന്‍ സ്റ്റിക്കുകളും 35 പെട്ടികളിലായി 10,500 നോണ്‍-ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് ഒളിപ്പിച്ചിരുന്നത്. മറ്റൊരു ടെംപോയിലേക്ക് ഇവ മാറ്റുന്നതിനിടെ ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിലില്‍ അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സ്‌ഫോടകവസ്തുക്കള്‍ കേരളത്തിലെത്തിയതിന്റെ റൂട്ടമാപ്പ് തയാറാക്കി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പത്തൊന്‍പത് കേന്ദ്രങ്ങളിലെ മിന്നല്‍ പരിശോധന. കേസില്‍ പിടിയിലായ ആറ് പ്രതികളുടെ വീടുകള്‍ക്ക് പുറമെ സ്‌ഫോടകവസ്തുക്കളുടെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിലും പരിശോധന നടന്നു.

കര്‍ണാടകയില്‍ നിന്നാണ് മലപ്പുറത്തേക്ക് സ്‌ഫോടക വസ്തുക്കളെത്തിയത്. ഇടപാടുകളുടെ രേഖകള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ എന്നി റെയ്ഡില്‍ കണ്ടെത്തി. സമാനമായി മുന്‍പും സ്‌ഫോടകവസ്തുക്കള്‍ കേരളത്തിലെത്തിച്ച് സംഭരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇവ സംഭരിച്ചശേഷം പലയിടങ്ങളിലേക്ക് ആവശ്യാനുസരണം അയച്ചുനല്‍കാനായിരുന്നു പദ്ധതി. കൃത്യമായ ആസുത്രണത്തോടെയുള്ള ഇടപാടുകള്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന നീക്കത്തിന്റെ തുടര്‍ച്ചയെന്നാണ് എന്‍ഐഎയുടെ നിഗമനം. ലൈസന്‍സില്ലാതെയാണ് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതെന്നും അന്വേഷണത്തില്‍ കണ്ടത്തി. അന്വേഷണം തുടരുകയാണെന്നും കുറ്റകൃത്യത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.

Advertisement