26.4 C
Kollam
Saturday 13th June, 2026 | 01:47:04 AM
Home News Breaking News വികസനം മുടക്കുന്നത് കോൺഗ്രസ്; ബിജെപിയുടെ ബി-ടീമെന്ന് എം.വി. ഗോവിന്ദന്റെ പരിഹാസം

വികസനം മുടക്കുന്നത് കോൺഗ്രസ്; ബിജെപിയുടെ ബി-ടീമെന്ന് എം.വി. ഗോവിന്ദന്റെ പരിഹാസം

Advertisement

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അതിവേഗ റെയിൽവേ പദ്ധതി അത്യന്താപേക്ഷിതമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അധികാരം നഷ്ടപ്പെട്ടുവെന്നുകരുതി വികസന പദ്ധതികളെ രാഷ്ട്രീയ പകപോക്കലിനായി എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയ യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

കേരളത്തിന്റെ ഭാവി വികസനത്തിന് നിർണ്ണായകമായിരുന്ന സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിന് യുഡിഎഫ് സർക്കാർ കേരള ജനതയോട് മാപ്പ് പറയണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പിൻവലിച്ച സർക്കാർ, മെട്രോമാൻ ഇ. ശ്രീധരനുമായി ചർച്ച നടത്തി പുതിയ പദ്ധതി കൊണ്ടുവരാൻ ശ്രമിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. വികസന വിഷയങ്ങളിൽ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കാൻ യുഡിഎഫ് തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വി ഡി സതീശൻ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഒഴിവാക്കിയത് ഗൗരവകരമാണെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ബിജെപിയുടെ ‘ബി ടീം’ പോലെയാണ് കോൺഗ്രസ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement