കൊച്ചി: യഥാർഥത്തിൽ ഒരു മുഖ്യമന്ത്രിയായിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നടൻ മമ്മൂട്ടി. വലിയ ഉത്തരവാദിത്വമാണ് നമ്മുടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ചുമലിൽ എത്തിയിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഇത് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട ഒരു പ്രവർത്തിയാണെന്നും മമ്മൂട്ടി വ്യക്തമാക്കി.
മുഖ്യമന്ത്രി വിഡി സതീശന് കൊച്ചി പൗരാവലി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ ജില്ലയില്‍ നിന്ന് ആദ്യമായിട്ട് ഒരു മുഖ്യമന്ത്രി ഉണ്ടാവുകയാണ്. ഞാന്‍ രണ്ട് മൂന്ന് സിനിമകളില്‍ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. തമിഴ്നാടിന്‍റെയും ആന്ധ്ര പ്രദേശിന്‍റെയും കേരളത്തിന്‍റെയുമൊക്കെ മുഖ്യമന്ത്രിയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്.
അഭിനയിക്കുന്നത് വളരെ കുറച്ച് കാലത്തേക്ക് ആണ്. അഭിനയം പരിചയം കൊണ്ട് കുറച്ചുകൂടി എളുപ്പമാകുന്ന ഒരു കാര്യവുമാണ്. പക്ഷേ യഥാര്‍ഥത്തില്‍ ഒരു മുഖ്യമന്ത്രിയായി ഇരിക്കുക എന്നുള്ളത് നല്ല ബുദ്ധിമുട്ട് പിടിച്ച പണിയാണ്. വലിയൊരു ഉത്തരവാദിത്വമാണ് നമ്മുടെ മുഖ്യമന്ത്രി ശ്രീ സതീശന്‍ അവര്‍കളുടെ ചുമലില്‍ എത്തിയിരിക്കുന്നത്.
വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒരു പ്രവര്‍ത്തിയാണ്. എല്ലാത്തരം ജനങ്ങളെയും സന്തോഷിപ്പിക്കുകയും എല്ലാ ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും എല്ലാവരെയും കേള്‍ക്കുകയും അവരോട് സംസാരിക്കുകയും ചെയ്യേണ്ട ഒരു പ്രവര്‍ത്തി തന്നെയാണ്. മന്ത്രിമാരെ നിയന്ത്രിക്കുകയും മന്ത്രിമാരുടെ നേതൃത്വം വഹിക്കുകയും ചെയ്യേണ്ട ചുമതലയാണ്.
ഒരു സംസ്ഥാനത്തിന്‍റെ എല്ലാ കാര്യങ്ങളുടെയും ചുമതല മുഖ്യമന്ത്രിക്കാണ്. അത് വളരെ നീതിപൂര്‍വ്വം നിര്‍വ്വഹിക്കേണ്ട വരുംകാലങ്ങളിലെ നമ്മുടെ മുഖ്യമന്ത്രിക്ക് എല്ലാ അനുമോദനങ്ങളും അര്‍പ്പിക്കുകയും മുന്നോട്ടുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉത്സാഹപൂര്‍വ്വവും നീതിപൂര്‍വ്വവുമായി നടത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നന്ദി.”- മമ്മൂട്ടി പറഞ്ഞു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബനും പങ്കെടുത്തു. മുഖ്യമന്ത്രിയെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുറമേ ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ റോജി എം ജോൺ, വി ഇ അബ്ദുൽ ഗഫൂർ, അനൂപ് ജേക്കബ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയും അപ്രതീക്ഷിത സാന്നിധ്യം വേദിയിലും സദസ്സിലും ഒരുപോലെ ആവേശമായി.രാജ്യത്തിൻറെ മാതൃകാ നഗരമാക്കി കൊച്ചിയെ മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.




































