Home News Kerala തെരഞ്ഞെടുപ്പിലെ പരാജയം, പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ ഇടുക്കിയിലും രൂക്ഷ വിമർശനം

തെരഞ്ഞെടുപ്പിലെ പരാജയം, പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ ഇടുക്കിയിലും രൂക്ഷ വിമർശനം

ഇടുക്കി.നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ ഇടുക്കിയിലും രൂക്ഷ വിമർശനം.
പിണറായിയുടെ ഏകാധിപത്യം തോൽവിയുടെ ആക്കംകൂട്ടിയെന്നും
എംഎം മണിയെ സ്ഥാനാർത്ഥിയാക്കാതിരുന്നത് ആനമണ്ടത്തരമായെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. ഇടുക്കി മണ്ഡലത്തിൽ കേരള കോൺഗ്രസ് എം ചതിച്ചുവെന്നും നേതാക്കൾ ആരോപിച്ചു.


കേന്ദ്ര കമ്മിറ്റിയംഗം പി.രാജീവിന്റെ സാനിധ്യത്തിൽ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയോഗത്തിലാണ് പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെയും ജില്ലയിലെ നേതാക്കൾ രൂക്ഷമായി വിമർശിച്ചത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തുടങ്ങിയ വിമർശനങ്ങൾ ജില്ലാ കമ്മിറ്റിയിലും തുടർന്നു. പിണറായിയുടെ ഏകാധിപത്യമാണ് പാർട്ടിയിലും സർക്കാരിലുമുണ്ടായതെന്ന് ചിലർ തുറന്നടിച്ചു. എം വി ഗോവിന്ദന്റെ പൊതുപരിപാടിയിലെ പ്രസംഗം “പാർട്ടി ക്ലാസാ”യി മാറിയെന്നും മടിപ്പുളവാക്കിയതിനാൽ പ്രവർത്തകർ പോലും പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിന്നുവെന്നും ആക്ഷേപിച്ചു. എംഎം മണിയെ സ്ഥാനാർത്ഥിയാക്കാതിരുന്നത് ആനമണ്ടത്തരമായി. മണിയെ സ്ഥാനാർത്ഥിയാക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിർദേശം വെട്ടിയ സംസ്ഥാന സെക്രട്ടറിയറ്റ് മറുപടി പറയണമെന്നും ഉടുമ്പൻചോലയിലെ സ്ഥാനാർഥി കൂടിയായിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ ജയചന്ദ്രനെ ഇരുത്തിതന്നെ നേതാക്കൾ വിമർശിച്ചു.


ഇടുക്കി മണ്ഡലത്തിൽ വോട്ട് മറിച്ച് കേരള കോൺഗ്രസ് എം പ്രവർത്തകർ തന്നെ ചതിച്ചു. സി പി എമ്മല്ലാതെ എൽഡിഎഫ് സംവിധാനം കൃത്യമായി ഇവിടെ പ്രവർത്തിച്ചില്ലന്നും വിമർശനമുയർന്നു. ദേവികുളത്തെ തോൽവി അപ്രതീക്ഷിതമായി. എന്നാൽ രാജേന്ദ്രൻ എഫക്ട് ഉണ്ടായില്ല. എസ് ഐ ആർ അടക്കം തിരിച്ചടിയായെന്നും ചർച്ച വന്നു. പീരുമേട്ടിലെ പരാജയത്തിൽ സിപിഐക്കെതിരെയുമുണ്ടായത് രൂക്ഷ വിമർശനം. പാർട്ടി കോട്ടകളിൽ സ്ഥാനാർഥികൾ പിന്നിൽ പോയതിൽ ചാർജുകാരായ ജില്ലാ കമ്മിറ്റി അംഗങ്ങളെയും വിമർശിച്ചു. ജില്ലാ കമ്മിറ്റി യോഗം നാളെയും തുടരും.