തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച പ്രാഥമിക ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, അബ്ദുൾ ഗഫൂർ, എ കെ എം അഷറഫ് എന്നിവരെയാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. അഞ്ചാം മന്ത്രിയുടെ കാര്യത്തിൽ യുഡിഎഫുമായുള്ള ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.
ആറ് എംഎൽഎമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ജില്ലാ കമ്മിറ്റി ഉറച്ചുനിൽക്കുകയാണ്. ജില്ലാ പ്രസിഡന്റ് എം.എ. റസാഖിന്റെ പേരാണ് കോഴിക്കോട് കമ്മിറ്റി മുന്നോട്ട് വെക്കുന്നത്.
കളമശ്ശേരി എംഎൽഎ വി.ഇ. ഗഫൂറിന്റെ പേരും ചർച്ചയിലുണ്ടെങ്കിലും സാധ്യത കുറവാണ്. അഞ്ചാം മന്ത്രിക്ക് പകരം ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് പദവി നൽകി ഒത്തുതീർപ്പിന് യുഡിഎഫ് ശ്രമിക്കുമോ എന്ന ആശങ്ക ലീഗിനുണ്ട്. എന്നാൽ അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന ലീഗിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പിന്തുണ ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നീ മുതിർന്ന നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്ന പദവികൾ വേണമെന്ന ആവശ്യവും ലീഗ് ഉന്നയിച്ചിട്ടുണ്ട്.ലീഗിന് 5 മന്ത്രിമാർ ലഭിച്ചാൽ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകാനിടയില്ല.
































