തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാക്കും.കെ സി വേണുഗോപാൽ ചെന്നിത്തലയുടെ വസതിയിലെത്തി വകുപ്പ് സംബന്ധിച്ച് ചർച്ച നടത്തി. രാവിലെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി കെ സി വേണുഗോപാൽ നടത്തിയ ചർച്ചകളിലെ തീരുമാനപ്രകാരമാണ് കെ സി വേണുഗോപാൽ ചെന്നിത്തലയെ സന്ദർശിച്ചത്.
മുഖ്യമന്ത്രി കസേര ലഭിക്കാതെ പോയതോടെ അതൃപ്തിയിലായ രമേശ് ചെന്നിത്തല പക്ഷം, തങ്ങൾക്ക് ആഭ്യന്തര വകുപ്പ് വേണമെന്ന കർശന നിലപാട് എടുത്തിരുന്നു.
കഴിഞ്ഞ ദിവസം വി.ഡി സതീശൻ ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. പുതിയ മന്ത്രിസഭയിൽ അംഗമാകണമെന്ന് സതീശൻ നേരിട്ട് അഭ്യർത്ഥിച്ചെങ്കിലും, തനിക്ക് ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചുനിന്നു. മുൻപ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് വിജയകരമായി കൈകാര്യം ചെയ്ത പരിചയമുള്ളതിനാൽ, അതിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ വികാരം
നേരത്തെ, മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന സൂചനകൾ ചെന്നിത്തല നൽകിയിരുന്നെങ്കിലും, അദ്ദേഹം മന്ത്രിസഭയുടെ ഭാഗമാകണമെന്ന ശക്തമായ നിലപാടിലാണ് യുഡിഎഫിലെ ഘടകകക്ഷികൾ. മുന്നണിയുടെ കരുത്തിനും ഭരണമികവിനും ചെന്നിത്തലയുടെ സാന്നിധ്യം അനിവാര്യമാണെന്ന് ഘടകകക്ഷികൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.


































