Home News Breaking News യുഡിഎഫിന്റെ വിജയശില്പി കെസി വേണുഗോപാൽ; വിഡി സതീശൻ നല്ല പ്രതിപക്ഷ നേതാവ്, എസ് എൻ ഡി...

യുഡിഎഫിന്റെ വിജയശില്പി കെസി വേണുഗോപാൽ; വിഡി സതീശൻ നല്ല പ്രതിപക്ഷ നേതാവ്, എസ് എൻ ഡി പി യോഗത്തെ തകർക്കാൻ ഒരു പാർട്ടിക്കും ഒരു പുല്ലും ചെയ്യാനാകില്ലന്നും വെള്ളാപ്പള്ളി നടേശൻ

Advertisement

ആലപ്പുഴ: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയശില്പി കെസി വേണുഗോപാലായിരുന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യയിൽ തന്നെ സ്വാധീനം ചെലുത്താൻ സാധിക്കുന്ന നേതാവാണ് കെസി വേണുഗോപാൽ. അദ്ദേഹത്തിന്റെ സ്വാധീനത്താൽ ഒരുപാട് എംഎൽഎമാരെ കേരളത്തിൽ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. വിഡി സതീശൻ മികച്ച പ്രതിപക്ഷനേതാവാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

‘മുഖ്യമന്ത്രി ആരാകുമെന്ന് എനിക്കറിയില്ല. മൂന്ന് പേർ ഇതിന് പിന്നാലെ നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെസി വേണുഗോപാലിനാണ്. ഏറ്റവും കൂടുതൽ ഭരണപരിചയമുള്ളത് രമേശ് ചെന്നിത്തലയ്ക്ക്. പ്രതിപക്ഷനേതാവെന്ന നിലയിൽ നല്ലപോലെ പ്രകടനം കാഴ്ചവച്ച വിഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ മുസ്ലീം ലീഗിന്റെ രഹസ്യ ഒത്താശയുണ്ട്.

സതീശൻ നല്ല പ്രതിപക്ഷ നേതാവായിരുന്നു.ഇന്ത്യയിൽ കോൺഗ്രസ് എങ്ങനെ പോകണമെന്നും എങ്ങനെ നയിക്കണമെന്നും തീരുമാനിക്കാൻ സാധിക്കുന്ന നേതാവാണ് കെസി വേണുഗോപാൽ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് ഏറെ വില കോൺഗ്രസിനകത്തുണ്ട്. ഇന്ത്യയിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്ന കോൺഗ്രസ് നേതാവാണ്. കേന്ദ്രത്തിലിരുന്ന് കേരളത്തെ ഭരിക്കാൻ സാധിക്കുന്ന നേതാവാണ് കെസി വേണുഗോപാൽ. എന്നാൽ കറുകപ്പുല്ല് മാത്രം തിന്നാനുള്ള കേരളത്തിൽ അദ്ദേഹം വരുമെന്ന് എനിക്ക് തോന്നുന്നില്ല.

ഇന്ത്യയിൽ എത്രയോ കരിമ്പിൻ തോട്ടങ്ങളാണുള്ളത്. കരിമ്പ് തിന്നാനുള്ള സൗകര്യമുള്ളപ്പോൾ ഈ കറുകപ്പുല്ല് തിന്നാൻ അദ്ദേഹം ഇവിടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല. എംഎൽഎമാരിലും എംപിമാരിലും മഹാഭൂരിപക്ഷവും വേണുഗോപാലിന്റെ കൂടെയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്പി അദ്ദേഹമാണ്- വെള്ളാപ്പള്ളി പറഞ്ഞു.രമേശ് ചെന്നിത്തലയെ പുകഴ്ത്തിയും വെള്ളാപ്പള്ളി സംസാരിച്ചു. ‘ഏറെ നാൾ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് രമേശ് ചെന്നിത്തല. എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോകാൻ കഴിയുന്ന നേതാവാണ് ചെന്നിത്തല.

കേന്ദ്രത്തിൽ പലമേഖലയിലും പ്രവർത്തിച്ച് പരിചയമുള്ള നേതാവാണ്. അദ്ദേഹത്തിന്റെ ജൂനിയറായിരുന്നവർ ഇന്ന് വലിയ നേതാക്കളായി ഉയർന്നപ്പോൾ പോലും ആരുമാകാൻ സാധിക്കാതെ, മറ്റുള്ളവർക്ക് അധികാരം കൊടുക്കുമ്പോൾ അത് സഹിച്ചും നിന്ന നേതാവാണ് ചെന്നിത്തല. എന്നാൽ പ്രതിപക്ഷനേതാവെന്ന നിലയിൽ വിഡി സതീശൻ മികച്ച പ്രവർത്തനം കാഴ്ചവച്ചു’- വെള്ളാപ്പള്ളി പറഞ്ഞു.

താൻ കാരണമാണ് പിണറായി സർക്കാർ തോറ്റതെന്ന് പറയുന്നത് പിണറായി വിരോധികൾ മാത്രമാണെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. എന്റെ സമുദായം നശിക്കണമെന്ന് ആഗ്രഹിക്കുന്നവർ അങ്ങനയേ പറയുകയുള്ളൂ. എസ്എൻഡിപി യോഗത്തെ തകർക്കാൻ ഒരുപാർട്ടിക്കും ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല. പലരും ഇത് പിളർത്താൻ നോക്കിയിട്ടുണ്ട്. ദുഷ്ടബുദ്ധികൾ ഇങ്ങനെ പലതും പറയും. എന്റെ നിലപാടൊന്നും മാറില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here