തിരുവനന്തപുരം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിതിൻ രാജ് എന്ന ബിഡിഎസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യ സർവ്വകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മൽ പറഞ്ഞു. നെടുമങ്ങാട്ടെ വീട്ടിലെത്തി നിതിൻ്റെ മാതാപിതാക്കളോടും ബന്ധുക്കളോടും വിവരങ്ങൾ ആരാഞ്ഞശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തികച്ചും നിർഭാഗ്യകരമാണ്.സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ആരോഗ്യ സർവ്വകലാശാല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.സംഭവത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടന്ന് കണ്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ഡോ.മോഹനൻ കുന്നുമ്മൽ പറഞ്ഞു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഡോ. എം.കെ. റാമിൻ്റെ സ്വകാര്യ ക്ലീനിക്കിലേക്ക് യുവജന പ്രതിഷേധം ഉണ്ടായി.പോലീസും പ്രതിഷേധക്കാരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. സംഭവത്തിൽ രണ്ട് അധ്യാപകർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നിതിൻ രാജിനെ അധ്യാപകർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്.




































