‘മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കി ചിത്രീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രമിക്കുന്നു’; എസ് പിക്കെതിരെ എംഎസ്എഫ്

മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കെതിരെ എം എസ് എഫ്. ക്രിമിനൽ ജില്ലയാക്കി മലപ്പുറത്തെ ചിത്രീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രമിക്കുന്നുവെന്ന് എം എസ് എഫ് പ്രസിഡൻ്റ് പി കെ നവാസ് ആരോപിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ കേസുകൾ പെരുപ്പിച്ചു കാട്ടുന്നുവെന്നും മലപ്പുറത്തെ കരിവാരിതേക്കാൻ ശ്രമം നടക്കുന്നുവെന്നും പി കെ നവാസ് അഭിപ്രായപ്പെട്ടു. എസ് പി സുജിത് ദാസിന് സംഘ പരിവാർ പശ്ചാത്തലമുണ്ടെന്നും എം എസ് എഫ് പ്രസിഡൻ്റ് പറഞ്ഞു.

മുസ്ലീം ലീഗിന് എതിരെ മലപ്പുറം പൊലീസ് സ്ഥിരം കേസുകളെടുക്കുന്നു. എം എസ് എഫ് പ്രവർത്തകർക്ക് എതിരെയും നിരന്തരം കേസ് എടുക്കുന്നു. ഇതെല്ലാം മലപ്പുറത്തെ കരിവാരിത്തേക്കാൻ ആണെന്നും എം എസ് എഫ് പ്രസിഡൻ്റ് പറഞ്ഞു. എസ് പിക്ക് ക്രിമിനൽ പശ്ചത്തലമുണ്ടെന്നും എം എസ് എഫ് അഭിപ്രായപ്പെട്ടു. മോൺസൺ മാവുങ്കലുമായി എസ് പി സുജിത്ത് ദാസിന് അടുത്ത ബന്ധമുണ്ട്. സസ്പെൻഷൻ നടപടി നേരിട്ട പെരിന്തൽമണ്ണ എ എസ് ഐ ശ്രീകുമാർ 2021 ൽ ആത്മഹത്യ ചെയാൻ കാരണം മലപ്പുറം എസ് പിയാണെന്ന ആരോപണവും എം എസ് എഫ് പ്രസിഡൻ്റ് പി കെ നവാസ് മുന്നോട്ടുവച്ചു. ശ്രീകുമാറിനെ എസ് പി സുജിത് ദാസ് നിരന്തരമായി മാനസികമായി പീഡിപ്പിച്ചു. അനാവശ്യമായി ശ്രീകുമാറിന് എതിരെ കേസ് എടുപ്പിച്ചു എന്നും എം എസ് എഫ് ആരോപിച്ചു.

Advertisement