പൊലീസിനോട് ദൃശ്യം മോഡലിൽ മറുപടി! ഒരാൾക്ക് 18 വയസ്, ഒരാൾക്ക് പ്രായപൂർത്തിപോലുമായില്ല; ഒടുവിൽ കുറ്റം സമ്മതിച്ചു

Advertisement

കോഴിക്കോട്: മാവൂരിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിലായി. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായില്ലെന്നും ഒരാളുടെ പ്രായം 18 വയസാണെന്നും പൊലീസ് വ്യക്തമാക്കി. മാവൂർ കണ്ണി പറമ്പ് തീർത്ഥകുന്ന് രഞ്ജീഷ് (18) ഉം പ്രായപൂർത്തിയാവാത്ത ഒരാളുമാണ് കേസിലെ പ്രതികളെന്ന് മാവൂർ ഇൻസ്പെക്ടർ പി രാജേഷാണ് അറിയിച്ചത്.

മാവൂർ ബസ്സ്റ്റാൻ്റിനു സമീപമുള്ള ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികളെ കുറിച്ച് മാവൂർ ഇൻസ്പെക്ടർ പി രാജേഷിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സബ്ബ് ഇൻസ്പെക്ടർ അനുരാജ് വി യുടെ നേതൃത്വത്തിൽ മാവൂർ പൊലീസും ജില്ല സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇതിൽ പ്രായപൂർത്തിയാവാത്തയാളിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവം ഇങ്ങനെ

ജൂലൈ ഒന്ന് മുതൽ മൂന്ന് വരെയുള്ള തിയ്യതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവൂർ ബസ്സ്റ്റാൻ്റിന് സമീപമുള്ള പാഴൂർ ജ്വല്ലറി ഉടമസ്ഥർ പതിവുപോലെ ശനിയാഴ്ച കട പൂട്ടി പോവുകയും തിങ്കളാഴ്ച വന്ന് കട തുറന്ന് നോക്കിയപ്പോൾ പിൻവശത്തെ ചുമർ തുരന്ന് മോഷണം നടത്തിയതായും ശ്രദ്ധയിൽപ്പെട്ടത്. നിരവധി വെള്ളി ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. തുടർന്ന് മാവൂർ പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടക്കത്തിലുള്ള അന്വേഷണം ഇൻസ്പെക്ടർ വിനോദിൻ്റെ നേതൃത്വത്തിലായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ഇ ബൈജു ഐ പി എസിൻ്റെ നിർദ്ദേശപ്രകാരം ജില്ല സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അന്വേഷണം നടത്തി വരികയായിരുന്നു.

സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷണം നടത്തിയത് കൗമാരപ്രായക്കാരാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് അന്വേഷണം നടത്തുന്നതിനിടയിൽ പ്രതികളെ നിരീക്ഷിക്കുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് എ സി പി കെ സുദർശൻ്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ആദ്യം പ്രതികൾ കുറ്റം സമ്മതിച്ചില്ല. ദൃശ്യം സിനിമയിലെ രംഗങ്ങൾ പ്രചോദനമുൾകൊണ്ടായിരുന്നു പ്രതികളുടെ പ്രതികരണം. സിനിമ മേഖലയിൽ ഭക്ഷണം നൽകുന്ന വിഭാഗത്തിലെ ജോലിക്കാരനാണ് രഞ്ജീഷ്. ജൂൺ അവസാന ആഴ്ചയിൽ എറണാകുളത്ത് ആയിരുന്നെന്നും പിന്നീട് എടരിക്കോടും കടവന്തറയിലും പോയെന്നും ജൂലൈ ആദ്യ ആഴ്ചയിൽ സിനിമയുമായി ബന്ധപ്പെട്ട ജോലി മലയാറ്റൂരും ആയിരുന്നെന്നും ഫോൺ കേടായിരുന്നെന്നും ആണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

എന്നാൽ പൊലീസ് തെളിവുകൾ നിരത്തി വിശദമായി ചോദ്യം ചെയ്തപ്പോൾ രഞ്ജിഷും പ്രായപൂർത്തിയാവാത്തയാളും ഏപ്രിൽ മാസത്തിൽ തന്നെ മോഷണം നടത്താൻ പദ്ധതി ഇട്ടതായും അതിന് വേണ്ടി ആയുധങ്ങളും പടക്കങ്ങളും, പൂത്തിരികളും രഞ്ജീഷ് കരുതി വെച്ചതായും സമ്മതിച്ചു. പിന്നീട് ജൂൺ മാസം വീണ്ടും പ്ലാൻ ചെയ്യുകയും മോഷണം നടത്താൻ പാഴൂർ ജ്വല്ലറി തിരഞ്ഞെടുക്കുകയുമായിന്നുവെന്നും പ്രതികൾ വ്യക്തമാക്കി. ജൂലൈ രണ്ടാം തിയ്യതി നല്ല മഴയുള്ള ദിവസം മോഷണം നടത്താനിറങ്ങിയത്. റെയിൻകോട്ടും ഷാളും ഉപയോഗിച്ച് ആളുകൾക്ക് മനസിലാവാത്ത രീതിയിലാണ് പോയിരുന്നത്. പൂത്തിരി ഉപയോഗിച്ച് ജ്വല്ലറിയുടെ പൂട്ട് പൊളിക്കാൻ നോക്കിയെങ്കിലും സാധിച്ചിരുന്നില്ല. പിന്നീട് പിൻഭാഗത്തെ ചുമർ തുരന്ന് അകത്ത് കടന്ന് മോഷണം നടത്തുകയായിരുന്നു.

Advertisement