കടലാമയ്ക്ക് സിടി സ്കാൻ; ആശുപത്രിയിലെ ആദ്യ മൃഗരോഗിയായി കാലെ !

വംശനാശഭീഷണി നേരിടുന്ന കെംപ്‌സ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമയായ കാലെയ്ക്ക്, യുഎസിലെ അലബാമയിലെ ഡെകാതുർ മോർഗൻ ഹോസ്പിറ്റലിൽ വച്ച് സിടി സ്കാൻ നടത്തി. ഇതോടെ ആശുപത്രിയിലെ ആദ്യത്തെ മൃഗരോഗിയായി ഈ ആമ മാറി. 2020 മുതൽ കാലെ താമസിക്കുന്ന കുക്ക് മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയാണ് ഈ സിടി സ്കാൻ ചിത്രങ്ങൾ തങ്ങളുടെ ഫേസ് ബുക്ക് പേജിൽ പങ്കുവച്ചത്. 2019 ൽ മത്സ്യബന്ധന തൊഴിലാളികളുടെ കൊളുത്തിൽ കുരുങ്ങിയ ആമയുടെ പുറന്തോടിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇത് ആമയ്ക്ക് ആഴത്തിലുള്ള അണുബാധയാണ് സമ്മാനിച്ചത്. പരുക്ക് കാരണം കടലിലേക്ക് തിരിച്ചയക്കാൻ കഴിഞ്ഞില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവന് ഇപ്പോൾ സ്ഥിരമായി മൃഗഡോക്ടറുടെ പരിശോധനയും ചികിത്സയും ആവശ്യമാണെന്ന് മ്യൂസിയം ജീവനക്കാർ പറഞ്ഞതായി, മിയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

കാലെയുടെ അണുബാധ എങ്ങനെ. എത്രത്തോളം സുഖപ്പെട്ടു എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിടി സ്കാൻ നടത്തിയത്. ”ഡെകാതുർ മോർഗൻ ഹോസ്പിറ്റലിൽ സിടി സ്കാൻ ലഭിച്ച ആദ്യ മൃഗമായി കാലെ ഇന്ന് ചരിത്രം സൃഷ്ടിച്ചു. കാലെയുടെ ഉറന്തോടിലേറ്റ ആഴത്തിലുള്ള അണുബാധയുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തുന്നതിനുള്ള മികച്ച ഉപകരണമാണ് സിടി സ്കാൻ. ഇത് സാധ്യമാക്കിയ ഡെക്കാറ്റർ മോർഗൻ ഹോസ്പിറ്റൽ സ്റ്റാഫിനും അസോസിയേറ്റ്‌സിനും ഞങ്ങളുടെ മ്യൂസിയത്തിനും വെറ്റിനറി സ്റ്റാഫിനും വലിയ നന്ദി.’ കുക്ക് മ്യൂസിയം ഓഫ് നാച്ചുറൽ സയൻസ് തങ്ങളുടെ ഫേസ് ബുക്ക് പേജിൽ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് കുറിച്ചു.

“ആമയെ മേശയിൽ നിന്ന് ചാടാതിരിക്കാനും താരതമ്യേന നിശ്ചലമായി നിലനിർത്താനും മൃഗഡോക്ടർമാർക്ക് അതിനെ പിടിക്കേണ്ടി വന്നു,” ഒരു റേഡിയോളജിസ്റ്റ് ഡബ്യൂഎഎഫ്എഫിനോട് പറഞ്ഞു. ”അവൻ ഒരു കടലാമയാണ്, അതിനാൽ അവൻ എന്തിനാണ് അതിലൂടെ കടന്നുപോകുന്നതെന്ന് എനിക്ക് അവനോട് പറയാൻ കഴിയില്ല. എന്നാൽ ഞങ്ങൾ അവനുമായി എല്ലാ ആഴ്‌ചയും ഒരു നടപടിക്രമം നടത്തുന്നു, പക്ഷേ, ആരും എപ്പോഴും ഡോക്ടറുടെ അടുത്ത് പോകാൻ ആഗ്രഹിക്കാത്തത് പോലെ അവനും എപ്പോഴും അത് ഇഷ്ടപ്പെടണമെന്നില്ല,” കുക്ക് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ലൈവ് അനിമൽ മാനേജർ കസാന്ദ്ര വോർലണ്ട് കൂട്ടിച്ചേർത്തു.

അറ്റ്ലാൻറിക് റിഡ്‌ലി കടലാമ എന്ന് അറിയപ്പെടുന്ന ഇവ ഇന്ന് ലോകത്തിലെ ഏറ്റവും അപൂർവമായ കടലാമകളിൽ ഒന്നാണ്. വെറും 250 പെൺ കടലാമകൾ മാത്രമാണ് ഇപ്പോൾ ലോകത്ത് അവശേഷിക്കുന്നതായി കണക്കാക്കുന്നതെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് ചെയ്യുന്നു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നത്, മത്സ്യബന്ധന വലകളും കൊളുത്തുകളും കാരണം ഓരോ വർഷവും 4,600 കടലാമകൾ യുഎസ് ജലത്തിൽ മാത്രം കൊല്ലപ്പെടുന്നുവെന്നാണ്.

Advertisement