ഇസ്രയേലിനെതിരെ പോർമുഖം തുറന്നാൽ ഭവിഷ്യത്ത് ഗുരുതരം: ഇറാന് യുഎസിന്റെ മുന്നറിയിപ്പ്

വാഷിങ്ടൻ: ഇസ്രയേൽ – ഹമാസ് സംഘർഷത്തിനിടെ ഇസ്രയേലിനെതിരെ പുതിയ പോർമുഖം തുറക്കാൻ തുനിഞ്ഞാൽ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഇറാന് യുഎസിന്റെ ഭീഷണി. ഇസ്രയേലിലുള്ള യുഎസ് പൗരൻമാർക്ക് എന്തെങ്കിലും സംഭവിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ഇറാൻ സംഘർഷത്തിന്റെ ഭാഗമായേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി യുഎസിന്റെ രംഗപ്രവേശം.

‘ഈ ഘട്ടത്തിൽ ഇറാനുമായി ഒരു സംഘർഷത്തിന് യുഎസ് ആഗ്രഹിക്കുന്നില്ല. മാത്രമല്ല, ഇസ്രയേൽ – ഹമാസ് സംഘർഷം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നതിനും ഞങ്ങൾ എതിരാണ്. പക്ഷേ, ഇറാനോ അതിന്റെ ഭാഗമായ സംഘടനകളോ യുഎസ് പൗരൻമാർക്കെതിരെ ആക്രമണത്തിനു തുനിഞ്ഞാൽ ഞങ്ങൾ പൂർണ പ്രതിരോധവുമായി രംഗത്തിറങ്ങും. ഏറ്റവും കഠിനമായിത്തന്നെ ഞങ്ങൾ അതിനെ നേരിടും’ – യുഎൻ സുരക്ഷാ കൗൺസിലിൽ ബ്ലിങ്കൻ വ്യക്തമാക്കി.

ഇസ്രയേലിനെതിരെ പോരാട്ടത്തിന് ഇറങ്ങുന്നതിൽനിന്ന് ഇറാനെ തടയണമെന്ന്, റഷ്യയും ചൈനയും ഉൾപ്പെടെയുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ 15 അംഗങ്ങളോടും യുഎസ് അഭ്യർഥിച്ചു. അങ്ങനെ സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു.

‘ഈ കൗൺസിലിലെ എല്ലാ അംഗങ്ങളോടുമായി പറയുകയാണ്. ഈ സംഘർഷം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കാതെ നോക്കണമെന്ന യുഎസ് നിലപാടിനൊപ്പമാണ് നിങ്ങളെങ്കിൽ, ഇസ്രയേലിനെതിരെ ഈ ഘട്ടത്തിൽ ഒരു പോരാട്ടത്തിനു തുനിയരുതെന്ന് നിങ്ങൾ ഇറാനെ പറഞ്ഞു മനസ്സിലാക്കണം. അതിന് സ്വകാര്യ വേദികളോ പൊതുവേദികളോ ഉപയോഗിക്കണം. ഇസ്രയേലിന്റെ സഖ്യകക്ഷികളെയും ആക്രമിക്കാൻ തുനിയരുത്’ – ബ്ലിങ്കൻ പറഞ്ഞു.

അതേസമയം, ഇസ്രയേൽ – ഹമാസ് സംഘർഷം ഇനിയും അയവില്ലാതെ തുടരുകയും കൂടുതൽ വിപുലമാകുകയും ചെയ്താൽ മേഖലയിലുള്ള ആയിരക്കണക്കിനു യുഎസ് പൗരൻമാരെ മോചിപ്പിക്കാൻ ബൈഡൻ ഭരണകൂടം തയാറെടുപ്പു തുടങ്ങി. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൻ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിലും സംഘർഷം വ്യാപിക്കുന്ന ലെബനനിലുമുള്ള യുഎസ് പൗരൻമാരുടെ കാര്യത്തിലാണ് യുഎസ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.

Advertisement