48 മണിക്കൂറിനകം ഇറാന്‍ ഇസ്രായേല്‍ മണ്ണില്‍ ആക്രമണം നടത്തിയേക്കും,ഇന്ത്യക്കാര്‍ക്ക് പുതിയ ജാഗ്രതാ നിര്‍ദ്ദേശം

വാഷിങ്ടണ്‍: അടുത്ത 24 മുതല്‍ 48 മണിക്കൂറിനകം ഇറാന്‍ ഇസ്രായേല്‍ മണ്ണില്‍ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാന്‍ ആക്രമണത്തിന് ഒരുങ്ങുന്നത്.

കോണ്‍സുലേറ്റ് ആക്രമിണത്തില്‍ ഇറാന്‍ റവലൂഷനറി ഗാര്‍ഡ്‌സ് മുതിര്‍ന്ന കമാന്‍ഡര്‍മാരായ മുഹമ്മദ് റിസ സഹേദി, മുഹമ്മദ് ഹാദി റഹീമി എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ഇസ്രായേല്‍ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, ഇസ്രായേലിനെതിരെ പ്രതികാര നടപടിക്ക് രാജ്യം പ്രതിജ്ഞയെടുത്തതായും പ്രഖ്യാപിച്ചിരുന്നു.

നാലുവര്‍ഷത്തിനിടെ മേഖലയില്‍ കൊല്ലപ്പെടുന്ന ഇറാന്റെ രണ്ടാമത്തെ സൈനിക പ്രമുഖനാണ് കരസേന, വ്യോമസേന എന്നിവയിലെ മുന്‍ കമാന്‍ഡറും സൈനിക ഓപറേഷന്‍സ് ഡെപ്യൂട്ടി കമാന്‍ഡറുമായിരുന്ന സഹേദി. റവലൂഷനറി ഗാര്‍ഡ്‌സ് ജനറല്‍ ഖാസിം സുലൈമാനിയെ 2020ല്‍ ബഗ്ദാദില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തിയിരുന്നു.

ഇറാന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലാണ് ഇസ്രായേല്‍ കഴിയുന്നത്. സൈനികരുടെ അവധി റദ്ദാക്കി തിരിച്ചുവിളിക്കുകയും റിസര്‍വിസ്റ്റുകളോട് സര്‍വീസില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലില്‍ എവിടെയും ഏതുനേരത്തും ആക്രമണം നടന്നേക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അടുത്ത 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ആക്രമണം ഉണ്ടായേക്കാമെന്നും യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. മിസൈല്‍ ആക്രമണവും സൈബര്‍ ആക്രമണവും പ്രതീക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. അതേസമയം, തിരിച്ചടി സംബന്ധിച്ച് തെഹ്റാന്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇറാനിലേക്കും ഇസ്രായേലിലേക്കും ഉള്ള അയാത്രകള്‍ തല്‍ക്കാലം മാറ്റിവെയ്ക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. പുതിയ നിര്‍ദേശം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. നിലവില്‍ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന എല്ലാവരോടും അവിടെയുള്ള ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടാനും സ്വയം രജിസ്റ്റര്‍ ചെയ്യാനും മന്ത്രാലയം അറിയിച്ചു.

‘മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ഇന്ത്യക്കാരും ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന എല്ലാവരും അവിടെയുള്ള ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടാനും സ്വയം രജിസ്റ്റര്‍ ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു. ഇവരോട് പരമാവധി മുന്‍കരുതലുകള്‍ പാലിക്കാനും അഭ്യര്‍ത്ഥിക്കുന്നു’, അറിയിപ്പില്‍ പറയുന്നു.

ഇറാന്‍ നയതന്ത്രജ്ഞന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ ആശങ്കാകുലരായിരുന്നു. പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ ഇന്ത്യ വിഷമത്തിലാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം എംഇഎ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറയുകയും ചെയ്തിരുന്നു. ഐയില്‍ നിന്ന് നേരിട്ടുള്ള ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ഇസ്രായേല്‍ അതീവ ജാഗ്രതയിലാണ്.

Advertisement