കുടിവെള്ള ക്ഷാമം: വന്‍ തുക ചെലവഴി്‌ച്ച്‌ നിര്‍മ്മിച്ച ജലസംഭരണി പ്രവര്‍ത്തനം തുടങ്ങണമെന്ന്‌ ആവശ്യം


ശാസ്‌താംകോട്ട: മൈനാഗപ്പള്ളിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മൂന്നരക്കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച ജലസംഭരണി അടിയന്തരമായി പ്രവര്‍ത്തനം തുടങ്ങണമെന്ന്‌്‌ കുന്നത്തൂര്‍ താലൂക്ക്‌ വികസന സമിതി ആവശ്യപ്പെട്ടു, ഇന്ന്‌ തഹസീല്‍ദാറുടെ നേതൃത്വത്തില്‍ നടന്ന വികസന സമിതി യോഗത്തിലാണ്‌ ഈ ആവശ്യം ഉയര്‍ത്തിയത്‌.

കെഐപി കനാല്‍ പല ഭാഗത്തും പഞ്ചായത്ത്‌ റോഡ്‌ പൊതുമരാമത്ത്‌ റോഡ്‌ എന്നിവ മുറിച്ച്‌ നിര്‍മാണം നടത്താത്തതിനാല്‍ വെള്ളം എത്തുന്നതിന്‌ തടസമുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. അത്‌ പൂര്‍ത്തിയായാല്‍ മാത്രമേ എല്ലാ ഭാഗത്തും വെള്ളം എത്തു, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ട്രഷറി ഇടപാടുകള്‍ കരുനാഗപ്പള്ളി സബ്‌ ട്രഷറിയില്‍ നിന്ന്‌ ശാസ്‌താംകോട്ട സബ്‌ട്രഷറിയിലേക്ക്‌ മാറ്റണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു

തലയിണക്കാവ്‌ റെയില്‍വേ അടിപ്പാത നിര്‍മ്മാണത്തിലെ അശാസ്‌ത്രീയതകളും നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പേ ഗതാഗതത്തിന്‌ തുറന്ന്‌ കൊടുത്തതും പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി. പ്രശ്‌നം അടിയന്തരമായി റെയില്‍വേയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന്‌ യോഗത്തില്‍ പങ്കെടുത്ത കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉറപ്പ്‌ നല്‍കി.

ശാസ്‌താംകോട്ട വാട്ടര്‍ അതോറിറ്റിക്ക്‌ മുന്‍വശത്ത്‌ ചപ്പ്‌ ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്നതും പൊലീസ്‌ കസ്റ്റഡിയില്‍ എടുത്ത വാഹനങ്ങളിലെ ഗ്രീസും തുരുമ്പും മഴ പെയ്യുമ്പോള്‍ കായലില്‍ എത്തിച്ചേര്‍ന്ന്‌ വെള്ളം മലിനമാകാനുള്ള സാധ്യതയും യോഗത്തില്‍ ചൂണ്ടിക്കാട്ടി.

ഭരണിക്കാവ്‌ ജംഗ്‌ഷനിലെ ട്രാഫിക്‌ പ്രശ്‌നം, മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം, ഒസ്‌താമുക്ക്‌-പറകുന്ന്‌ മുക്ക്‌ റോഡിലെ കുഴികള്‍ അടയ്‌ക്കല്‍ നടപടി തുടങ്ങിയവ വേഗത്തിലാക്കണമെന്ന ആവശ്യവും വികസന സമിതി മുന്നോട്ട്‌ വച്ചു.

Advertisement