വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുത്ത യുവതാരം മമിത ബൈജുവിന് വോട്ടില്ല

കോട്ടയം: വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുത്ത യുവതാരം മമിത ബൈജുവിന് വോട്ടില്ല. സ്വീപ് യൂത്ത് ഐക്കണ്‍ ആയാണ് താരത്തെ തെരഞ്ഞെടുത്തത്. എന്നാല്‍ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്നതോടെയാണ് താരത്തിന് കന്നിവോട്ട് നഷ്ടപ്പെട്ടത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായി നടിയുടെ കിടങ്ങൂരിലെ വസതിയില്‍ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന് കുടുംബം അറിയുന്നത്. സിനിമാത്തിരക്കുകള്‍ മൂലമാണ് വോട്ട് ഉറപ്പാക്കാന്‍ കഴിയാതെ പോയതെന്ന് താരത്തിന്റെ അച്ഛന്‍ ഡോ. ബൈജു പറഞ്ഞു.
വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനും വോട്ടര്‍ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം. കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്തത്.

Advertisement