ഈ വർഷം നിർബന്ധമായും കണ്ടിരിക്കണമെന്നു ന്യൂയോർക്ക് ടൈംസ് പറഞ്ഞ കോട്ടയത്തെ സ്ഥലങ്ങൾ!

കോട്ടയം: വൈക്കം, മറവൻതുരുത്ത്, കുമരകം… ഈ വർഷം നിർബന്ധമായും കണ്ടിരിക്കണമെന്നു ന്യൂയോർക്ക് ടൈംസ് പറഞ്ഞ സ്ഥലങ്ങളിൽ ഉൾപ്പെട്ട മൂന്ന് പ്രദേശങ്ങൾ. ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയാണു ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. ഇതിൽ കേരളവുമുണ്ട്. കേരളത്തിൽ കാണേണ്ട സ്ഥലങ്ങളിലാണ് ജില്ലയ്ക്ക് അഭിമാനമായി ഈ മൂന്ന് സ്ഥലങ്ങളും ഇടംപിടിച്ചത്.

കുമരകം

കായൽ സൗന്ദര്യവും ഗ്രാമീണ ഭംഗിയുമാണു കുമരകത്തിന്റെ പ്രത്യേകത. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി നടക്കുന്ന വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകൾ ഇതിനു പ്രധാന പങ്കുവഹിച്ചു. കുമരകത്തിന്റെ ഗ്രാമീണ ഭംഗിയും മത്സ്യബന്ധന രീതികളും കള്ള് ചെത്തും ഓല മെടയലും പായ നെയ്ത്തും എല്ലാം കുമരകത്ത് എത്തുന്ന സഞ്ചാരികളെ ആകർഷിക്കും. ഹൗസ്ബോട്ടിൽ വേമ്പനാട്ടു കായലിലൂടെ ഉള്ള യാത്ര സഞ്ചാരികൾക്ക് ഏറെ വിനോദം പകരും.

മറവൻതുരുത്ത്

ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലാദ്യമായി വാട്ടർ സ്ട്രീറ്റ് പ്രവർത്തനം ആരംഭിച്ച സ്ഥലം. 2022 ജൂലൈയിലാണു പദ്ധതി ഉദ്ഘാടനം ചെയ്തത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒട്ടേറെപ്പേർ ഇവിടെ എത്തി.വാട്ടർ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ചെറിയ കനാൽ, ഗ്രാമീണ തോട്, മുവാറ്റുപുഴയാർ, വേമ്പനാട്ടുകായൽ എന്നിവിടങ്ങളിലൂടെ കയാക്കിങ് നടത്താൻ സാധിക്കും. സഞ്ചാരികൾക്കു പുത്തൻ അനുഭവമുണർത്തുന്ന ആർട്ട് സ്ട്രീറ്റും.

സൂര്യോദയ അസ്തമയ കാഴ്ചകളും മറ്റൊരു പ്രത്യേകതയാണ്. വള്ളങ്ങളിലും ശിക്കാരവള്ളങ്ങളിലും സഞ്ചരിക്കാവുന്ന പാക്കേജുകളും സ്റ്റോറി ടെല്ലിങ് പാക്കേജുകളും ഇവിടെയുണ്ട്.

വൈക്കം

പാരമ്പര്യത്തനിമ ഒത്തുചേരുന്നതാണു വൈക്കത്തഷ്ടമി. വൈക്കം മഹാദേവ ക്ഷേത്ര സന്നിധിയിലെ പ്രധാന ആട്ട വിശേഷമാണു വൃശ്ചിക മാസത്തിലെ കൃഷ്ണാഷ്ടമി. രാജമുദ്രയോടെ ഇന്നും മങ്ങലേൽക്കാതെ നിലകൊള്ളുന്ന വൈക്കത്തെ പഴയ ബോട്ടു ജെട്ടി, കായലോര ബീച്ച്, ശിൽപ ഉദ്യാനം, നഗരസഭ പാർക്ക്, സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം, പഴയ പൊലീസ് സ്റ്റേഷൻ എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ശേഷിപ്പുകൾ ഇന്നും ഇവിടെയുണ്ട്.

Advertisement