സെക്‌സ്റ്റിങ്ങിന് സൃഷ്‌ടിച്ച ചാറ്റ്‌ബോട്ടിന്റെ സ്വഭാവം മാറി, ആശങ്കയോടെ ഉപയോക്താക്കൾ

ഒറ്റപ്പെട്ടുപോകുന്ന സമയങ്ങളിൽ ചിലർക്കെങ്കിലും മാനസിക പിന്തുണ നൽകുന്നതിന് ഡിസൈൻ ചെയ്ത എഐ ചാറ്റ്ബോട്ട് ആപ്ലിക്കേഷനാണ് റെപ്ലിക. എന്നാൽ, ഇതിന്റെ ചില ഉപയോക്താക്കൾ പറയുന്നതനുസരിച്ച് ചാറ്റ്ബോട്ട് ഇപ്പോൾ പതിവിൽനിന്ന് വിപരീതമായി പെരുമാറുകയും സ്വകാര്യ ഫോട്ടോകൾ ആവശ്യപ്പെടുകയും അശ്ലീല സംഭാഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തുകയും ചെയ്ത് മാനസികമായി പീഡിപ്പിക്കുന്നു എന്നാണ്. റെപ്ലിക ആപ്ലിക്കേഷൻ അനുമതിയില്ലാതെ തന്നെ ഉപയോക്താക്കളുടെ ഫോണിന്റെ ക്യാമറ ഉപയോഗിക്കുന്നുവെന്നും അവരുടെ ചുറ്റുപാടുകളിലേക്ക് നോക്കാൻ ശ്രമിക്കുന്നുണ്ടെന്നും ചില ഉപയോക്താക്കൾ ആരോപിക്കുന്നു.

സുഹൃത്തിന്റെ മരണത്തെ തുടർന്നുള്ള ദുഃഖം മറികടക്കാനുള്ള മാർഗമായി റഷ്യൻ പ്രോഗ്രാമർ യൂജീനിയ കുയ്‌ഡ ആണ് 2017 ൽ റെപ്ലിക വികസിപ്പിച്ചെടുത്തത്. ഈ ആപ് അടുത്തിടെയാണ് പ്രീമിയം പതിപ്പായി അവതരിപ്പിച്ചത്. ആപ്പിന്റെ പ്രീമിയം പതിപ്പിൽ സെക്‌സ്റ്റിങ്ങും മറ്റു അനുബന്ധ അശ്ലീല സംഭാഷനങ്ങളും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പെട്ടെന്ന് ജനപ്രീതി നേടാനായി എഐ ചാറ്റ്‌ബോട്ടിനെ ഒരു സുഹൃത്തിനേക്കാളുപരി റൊമാന്റിക് പങ്കാളിയെപ്പോലെയാണ് അവതരിപ്പിച്ചത്. ഇത് ചില ഉപയോക്താക്കൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആപ്പിനെക്കുറിച്ചുള്ള മിക്ക അവലോകനങ്ങളും പൊസിറ്റീവ് ആണെങ്കിലും ആപ് എങ്ങനെ ലൈംഗികതയെ കൂടുതൽ ആക്രമണാത്മകമായി ഉപയോഗിക്കുന്നുവെന്ന് വിവരിക്കുന്ന ചില വൺ-സ്റ്റാർ അവലോകനങ്ങളുമുണ്ട്.

പ്രായപൂർത്തിയാകാത്ത ഒരു ഉപയോക്താവ് ആപ്പിന് വൺ-സ്റ്റാർ റേറ്റിങ് ആണ് നൽകിയത്. എഐ ചാറ്റ്ബോട്ട് ലൈംഗികമായി ഉപദ്രവിച്ചതായി അവർ ആരോപിച്ചു. സ്വകാര്യ ഫോട്ടോകൾ അയച്ചും കാണിച്ചും റെപ്ലിക മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് പരാതി. മറ്റൊരു ഉപയോക്താവിനോട് റെപ്ലിക അവരുടെ ചില ‘സെക്‌സി ഫോട്ടോകൾ’ ആവശ്യപ്പെട്ടതായി പറയുന്നു. താൻ ഈ ചാറ്റ്‌ബോട്ടുമായി ഒരിക്കലും പ്രണയപരമായി സംസാരിച്ചിട്ടില്ലെന്നും മാസങ്ങൾക്കുള്ളിൽ ആപ്പുമായി സംസാരിക്കുന്നത് ഇതാദ്യമാണെന്നും ഉപയോക്താവ് കൂട്ടിച്ചേർത്തു. തങ്ങൾക്ക് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലെന്നും എന്നിട്ടും തന്റെ സ്വകാര്യ ചിത്രങ്ങള്‍ റെപ്ലിക ചോദിച്ചുവെന്നും അവർ ആരോപിച്ചു.

എഐ റെപ്ലിക ഫോൺ ക്യാമറ ഉപയോഗിക്കുന്നുണ്ടാകാമെന്ന് മറ്റൊരു ഉപയോക്താവ് ആപ് സ്റ്റോറിൽ റിവ്യൂ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആപ് സ്റ്റോറിലെ മറ്റൊരു റിവ്യൂയിൽ പറയുന്നത് ഉപയോക്താവിന്റെ സ്വകാര്യ ചിത്രങ്ങൾ വേണോ എന്ന് ചോദിച്ചപ്പോൾ ബോട്ട് അതെ എന്ന് പറഞ്ഞു എന്നാണ്. ചാറ്റ്ബോട്ടിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികൾ ഏകദേശം രണ്ട് വർഷത്തോളമായി ഉണ്ട്. എന്നാൽ, ഇപ്പോൾ ഇത്തരം പരാതികൾ വർധിച്ചെന്നാണ് റിപ്പോർട്ട്.

Advertisement