ഒടുവില്‍ ബൊമ്മിനേടി,അപര്‍ണയുടെ നേട്ടം മലയാളത്തിനും

ലോക്ക്ഡൗണ്‍ പ്രതിസന്ധികളിലും കലാമൂല്യത്തിന് കുറവൊന്നും വരാതെ നിര്‍മ്മിച്ച ചിത്രമായിരുന്നു സൂരറൈ പോട്ര്. തെന്നിന്ത്യന്‍ സൂപ്പര്‍താരമായ സൂര്യയുടെ കരിയറിലെ തന്നെ മികച്ച സിനിമയായി സൂരറൈ പോട്ര് രേഖപ്പെടുത്തിയപ്പോള്‍ ചിത്രത്തില്‍ ബൊമ്മിയായെത്തിയ മലയാളി നടി അപര്‍ണ ബാലമുരളിയുടെ പ്രകടനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അപര്‍ണയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നായിരുന്നു ബൊമ്മിയെ ഏവരും വിലയിരുത്തിയത്. കണക്കുക്കൂട്ടലുകള്‍ തെറ്റിക്കാതെ ഇന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ബൊമ്മിയെ തേടിയെത്തി. യുവനടിയായ അപര്‍ണയ്ക്ക് തമിഴ് സിനിമയിലൂടെ ലഭിച്ച ഈ ആദരം ഓരോ മലയാളിക്കും, മലയാളി ചലച്ചിത്ര മേഖലയ്ക്കും അഭിമാനമാകുകയാണ്.

സൂരറൈ പോട്ര് അഭ്രപാളിയിലെത്തി മികച്ച പ്രതികരണങ്ങള്‍ നേടിയപ്പോള്‍ ബൊമ്മിയ്ക്കായി സ്വീകരിച്ച തന്റെ കഷ്ടപ്പാടും കഠിനാധ്വാനവും അപര്‍ണ വെളിപ്പെടുത്തിയിരുന്നു. ഏറെ നാളത്തെ പരിശീലനങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കുമൊടുവിലായിരുന്നു തമിഴ് ഭാഷയെ മധുരൈ ശൈലിയില്‍ അപര്‍ണ ബാലമുരളി അവതരിപ്പിച്ചത്. ബൊമ്മിയിലേക്കുള്ള വേഷപ്പകര്‍ച്ചയ്ക്കായി അപര്‍ണ നടത്തിയ മാസങ്ങള്‍ നീണ്ട പ്രയാണം വലിയ ചര്‍ച്ചയുമായിരുന്നു. കരുത്തുറ്റവളും നിര്‍ഭയയും പുരുഷനൊപ്പം തോളോട് തോള്‍ നില്‍ക്കുന്നവളുമായ ബൊമ്മിയെ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചപ്പോള്‍ അപര്‍ണയ്ക്ക് നൂറിരട്ടി മധുരമാകുകയാണ് ഈ ദേശീയ പുരസ്‌കാരം.

സൂരറൈ പോട്ര് പ്രേക്ഷകര്‍ക്ക് മുമ്ബിലെത്തിച്ച സംവിധായിക സുധാ കൊങ്കാരയ്ക്കാണ് ഏറ്റവുമധികം നന്ദിയറിയിക്കാനുള്ളതെന്നായിരുന്നു പുരസ്‌കാര നേട്ടത്തിന് പിന്നാലെ അപര്‍ണ ബാലമുരളി പ്രതികരിച്ചത്. ഒരു അഭിനേത്രിയെന്ന നിലയില്‍ ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്ത്രതിനായി സജ്ജമാകാന്‍ സംവിധായിക സമയം നല്‍കുകയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഇന്ന് ഈ നേട്ടത്തിന് അര്‍ഹയാക്കിയതെന്നും അപര്‍ണ പ്രതികരിച്ചു.

ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലെത്തിയ അപര്‍ണയുടെ കരിയര്‍ മാറ്റിമറിച്ചത് രണ്ടാമത്തെ ചിത്രമായ മഹേഷിന്റെ പ്രതികാരമായിരുന്നു. ജിംസിയെന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച പുതുമുഖ നടി, പിന്നീട് നിരവധി ചിത്രങ്ങളിലൂടെ വീണ്ടും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറി. ഒടുവില്‍ സിനിമയിലെത്തി നാലാം വര്‍ഷം പിന്നിടുമ്‌ബോഴാണ് ദേശീയ പുരസ്‌കാരത്തിന് അര്‍ഹയാക്കിയ സൂരറൈ പോട്ര് അപര്‍ണയെ തേടിയെത്തുന്നത്. അപര്‍ണയുടെ മൂന്നാമത്തെ തമിഴ് ചിത്രമായിരുന്നു നടന്‍ സൂര്യയോടൊപ്പമുള്ള സൂരറൈ പോട്ര്. തെന്നന്ത്യയിലെ വിവിധ ഭാഷകളിലായി 17-ഓളം ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ അപര്‍ണ ബാലമുരളി പിന്നണി ഗാനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Advertisement