കഴിഞ്ഞ കൊല്ലം 230 കോടി ജനങ്ങള്‍ പട്ടിണിയിലായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ


ന്യൂയോര്‍ക്ക്: ലോകത്ത് പട്ടിണിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ കൊല്ലം ലോകത്ത് പട്ടിണികിടന്നത് 230 കോടി ജനങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ സംഖ്യ യുക്രൈന്‍ യുദ്ധത്തിന് മുമ്പുള്ള കണക്കുകള്‍ പ്രകാരമാണ്. യുക്രൈനില്‍ യുദ്ധം ആരംഭിച്ച ശേഷം ഭക്ഷ്യധാന്യങ്ങള്‍ക്ക് വില വന്‍തോതില്‍ കുതിച്ചുയര്‍ന്നു. ലോകത്തെ ഭക്ഷ്യ സുരക്ഷ-പോഷ സൂചകങ്ങള്‍ അതീവ ഗുരുതര സ്ഥതിയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിശപ്പ് രഹിത സമൂഹമെന്ന ലക്ഷ്യത്തില്‍ നിന്ന് ലോകം പിന്നാക്കം പോകുകയാണെന്നകൃത്യമായ ചിത്രമാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്. എല്ലാ തരത്തിലുള്ള പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കണമെന്ന ലക്ഷ്യത്തിനാണ് തിരിച്ചടി നേരിടുന്നത്. ആരോഗ്യകരമായ ഭക്ഷണമില്ലാത്തവരുടെ എണ്ണം 1120 ലക്ഷത്തില്‍ നിന്ന് 310 കോടിയായി ഉയര്‍ന്നിരിക്കുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം ലോകത്ത് ഉപഭോക്തൃ വിലസൂചിക കുതിച്ചുയരുന്നതിന്റെ ഫലമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 24നാരംഭിച്ച യുക്രൈന്‍ യുദ്ധം ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ധാന്യങ്ങള്‍ വളം എന്നിവയുടെ വിലയിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. ഇതിന് കാലാവസ്ഥയിലുണ്ടായവ്യതിയാനങ്ങളും ഭക്ഷ്യ വിതരണത്തെയും വിലയെയും കാര്യമായി ബാധിച്ചു പ്രത്യേകിച്ച് അവികസിത രാജ്യങ്ങളില്‍.

ലോകത്തെ മൂന്നിലൊന്ന് ഗോതമ്പും റഷ്യയും യുക്രൈനുമാണ് ഉത്പാദിപ്പിച്ചിരുന്നത്. ലോകത്തിന് ആവശ്യമുള്ളതിന്റെ പകുതിയോളം സൂര്യകാന്തി എണ്ണയുടെ ഉത്പാദകരും ഈ രാഷ്ട്രങ്ങളായിരുന്നു. റഷ്യയും ഇവരുടെ സഖ്യരാജ്യമായ ബെലാറസുമാണ് രാസവള നിര്‍മ്മാണത്തിന്റെ പ്രധാന ഘടകമായ പൊട്ടാഷിന്റെ ലോകത്തെ രണ്ടാമത്തെ ഉത്പാദകര്‍.

ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക, കരീബീയന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ പട്ടിണി വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. ആഫ്രിക്കയില്‍ 2780 ലക്ഷം പേരാണ് പട്ടിണിയില്‍ കഴിയുന്നത്. ഏഷ്യയിലിത് 4250 ലക്ഷമാണ്. ലാറ്റിനമേരിക്കയില്‍ 565 ലക്ഷം പേര്‍ പട്ടിണി കിടക്കുന്നു.

2030ഓടെ ലോകത്ത് നിന്ന് പട്ടിണി പൂര്‍ണമായും തുടച്ച് നീക്കുക എന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 6700 ലക്ഷം ജനങ്ങള്‍ക്ക് ഈ ദശകത്തിന്റെ അന്ത്യത്തിലും പട്ടിണിയില്‍ തന്നെ കഴിയാനാകും വിധിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisement