കുസാറ്റ് അപകടം: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ, വിശദീകരണം നൽകാൻ നിർദേശം

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിലുണ്ടായ അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സുരക്ഷാ വീഴ്ച അടക്കം പരിശോധിച്ചു വിശദീകരണം നൽകാൻ ആലുവ റൂറൽ എസ്പിക്കും കൊച്ചി സർവകലാശാല റജിസ്ട്രാർക്കും കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകി.

കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടാണു നാലു വിദ്യാർഥികള്‍ ശനിയാഴ്ച മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ അതുൽ തമ്പി (22), ആൻ റിഫ്ത റോയി (21), സാറാ തോമസ് (22) എന്നിവരും പാലക്കാട് മുണ്ടൂർ എഴക്കാട് തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിനും (22) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് ആറേമുക്കാലിനാണു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറാനെത്തിയവർ തിക്കിലും തിരക്കിലുംപെടുകയായിരുന്നു. ഏഴു മണിക്കാണു ഗാനമേള തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. ഇതിനായി കുറച്ചുപേരെ പാസ് നൽകി നേരത്തെ ഓഡിറ്റോറിയത്തിനകത്തു പ്രവേശിപ്പിച്ചിരുന്നു.

ധാരാളം വിദ്യാർഥികൾ ഓഡിറ്റോറിയത്തിനു പുറത്തു ഇതേസമയം തടിച്ചുകൂടി. ഇതിനിടെ മഴപെയ്തതോടെ ഓഡിറ്റോറിയത്തിലേക്കുള്ള വിദ്യാർഥികളുടെ തള്ളലിൽ ഗേറ്റ് തുറന്നപ്പോൾ പലരും വീണു. ഗേറ്റു തുറക്കുന്നതു താഴേക്കു കുത്തനെയുള്ള നടകളിലേക്കായതിനാൽ തിക്കിലും തിരക്കിലും കൂടുതൽ വിദ്യാർഥികൾ വീണു. വീണവരെ ചവിട്ടി പിന്നിലുള്ളവരും വീണതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.

Advertisement