ഹോട്ടൽ ജീവനക്കാരിക്ക് ടിപ്പ് ലഭിച്ചത് 62,000 രൂപ; കണ്ണു തള്ളി യുവതി

ന്യൂയോർക്ക് ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷണം കഴിക്കാൻ കയറിയാൽ ചിലർ അവിടുത്തെ ജീവനക്കാർക്ക് ടിപ്പ് നൽകാറുണ്ട്.
അത്തരത്തിൽ ഒരു അമേരിക്കൻ റെസ്റ്റോറന്റിലെ ജീവനക്കാരിക്ക് ലഭിച്ച ടിപ്പ് എത്രാണെന്ന് കേട്ടാൽ ആരുമൊന്ന് ഞെട്ടിപ്പോകും. 62,000 രൂപയാണ് ഈ യുവതിക്ക് ടിപ്പ് ആയി ലഭിച്ചത്.

യുഎസിലെ റോഡ് ഐലൻഡിൽ നിന്നുള്ള ജെന്നിഫർ വെർനാൻസിയോയ്ക്കാണ് (Jennifer Vernancio) ഈ സർപ്രൈസ് ടിപ്പ് ലഭിച്ചത്. ഏകദേശം മൂന്നര വർഷമായി ദി ബിഗ് ചീസ് & പബ്ബിൽ (The Big Cheese & Pub) ഭക്ഷണം വിളമ്പുന്ന ജോലിയാണ് ജെന്നിഫർ ചെയ്തുവരുന്നത്. മൂന്ന് വയസ്സുള്ള ഒരു കുട്ടിയും ജെന്നിഫറിനുണ്ട്. അതുകൊണ്ടുതന്നെ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന സമയത്ത് തന്റെ മകനെ പരിചരിക്കാൻ ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അവർ.

ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു ജെന്നിഫറിന്റെ ഡ്യൂട്ടി സമയം ആരംഭിച്ചത്. റെസ്റ്റോറന്റിലെത്തിയ ജെന്നിഫറിന് ലഭിച്ചത് ഒരു സൂപ്പർ കസ്റ്റമറിനെ തന്നെയാണ്. സാൻഡ‍്‍വിച്ച്‌ ആയിരുന്നു ദമ്പതികളായ കസ്റ്റമേഴ്സ് ഓർഡർ ചെയ്തത്. അവർ അത് കഴിച്ചതിന് ശേഷം ബിൽ അടച്ച്‌ പോകുകയും ചെയ്തു. ജെന്നിഫറിന് നല്ലൊരു ദിവസം ആശംസിച്ച്‌ കൊണ്ടാണ് ഇരുവരും മടങ്ങിയത്. അവളും പുഞ്ചിരിയോടെ തന്നെ അവർക്ക് മറുപടി നൽകി. എന്നാൽ ടേബിളിനു മുകളിൽ തന്നെ കാത്തിരിക്കുന്നത് എന്താണെന്ന് അപ്പോഴും ജെന്നിഫറിന് അറിയില്ലായിരുന്നു.

ദമ്പതികൾ വെറും 3,710 രൂപയ്ക്കാണ് (48 ഡോളർ) ഭക്ഷണം കഴിച്ചത്. എന്നാൽ 62,000 രൂപ (810 ഡോളർ) അവർ ജെന്നിഫറിന് ടിപ്പായി വെച്ചിരുന്നു. ആദ്യം ജെന്നിഫറിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. നേരെ അവൾ ബില്ലും കൊണ്ട് മാനേജരുടെ അടുത്തേക്ക് പോകുകയാണ് ചെയ്തത്.

20 വർഷമായി ഈ മേഖലയിൽ ജോലി ചെയ്തിരുന്ന തനിക്ക് ഇങ്ങനെയൊരു ടിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ജെന്നിഫർ പറയുന്നത്. ഈ തുക രണ്ട് ഷിഫ്റ്റിൽ ജോലി ചെയ്താൽ ലഭിക്കുന്നതിനേക്കാൾ കൂടുതലാണെന്നും വളരെ സഹായകരമാണെന്നും ജെന്നിഫർ പറഞ്ഞു. ഇത് യഥാർത്ഥത്തിൽ ആ കസ്മേഴ്സിന് തന്നോടു തോന്നിയ ദയയാണെന്നും ജെന്നിഫർ പറഞ്ഞു. കുറച്ച്‌ ബില്ലുകൾ അടയ്ക്കാനും മകൾക്ക് ഒരു പുതിയ ഷൂസും കളിപ്പാട്ടവും വാങ്ങാനും ഈ തുക ഉപയോ​ഗിക്കാനാണ് ജെന്നിഫറിന്റെ പ​ദ്ധതി. റെസ്റ്റോറന്റിലെത്തിയ ഉപഭോക്താക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ ദയ താൻ ഒരിക്കലും മറക്കില്ലെന്ന് അവൾ പറഞ്ഞു.

കഴിഞ്ഞ വർഷം ഫ്‌ളോറിഡയിലെ ഒരു റെസ്‌റ്റോറന്റിലും ഇത്തരമൊരു സംഭവം നടന്നിരുന്നു. ഇവിടെയെത്തിയ ഒരു കസ്റ്റമർ ജീവനക്കാരുടെ ആത്മാർത്ഥമായ സേവനം കണ്ട് നൽകിയ ടിപ്പാണ് വാർത്തകളിൽ ഇടംപിടിച്ചത്. ഭക്ഷണം കഴിച്ചതിന് ശേഷം റസ്റ്റോറന്റിലെ ജീവനക്കാരെയെല്ലാം വിളിപ്പിച്ച കസ്റ്റമർ ജീവനക്കാരോട് നന്ദി പറഞ്ഞതിന് ശേഷം എല്ലാവർക്കും 1000 ഡോളർ വീതം ടിപ്പ് നൽകുകയായിരുന്നു. പത്ത് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. വഹൂ സീഫുഡ് ഗ്രിൽ എന്ന സ്ഥാപനത്തിലാണ് സംഭവം. ഓരോരുത്തർക്കും ആയിരം ഡോളർ വെച്ച്‌ പതിനായിരം ഡോളറാണ് ടിപ്പായി ലഭിച്ചത്. ഇത് ഏകദേശം 7,50,000 ഇന്ത്യൻ രൂപയോളം വരും.

Advertisement