കോട്ടയത്തെ ഹോട്ടലുടമയുടെ കൊലപാതകം; സഹഉടമയും ഭർത്താവും അറസ്റ്റിൽ, സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമെന്ന് സൂചന

കോട്ടയം: കോട്ടയം കറുകച്ചാലിൽ ‘ചട്ടിയും തവിയും’ എന്ന ഹോട്ടൽ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഹോട്ടലിൻറെ സഹ ഉടമയായ, ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭർത്താവ് റെജിയുമാണ് കേസ് അന്വേഷിക്കുന്ന തൃക്കൊടിത്താനം പൊലീസിൻറെ പിടിയിലായത്.

ഈ മാസം 15നാണ് ഹോട്ടൽ ഉടമയായ രഞ്ജിത്തിനെ ഇതേ ഹോട്ടലിൽ ജീവനക്കാരനായ ജോസ് കെ തോമസ് കത്തി കൊണ്ട് കുത്തി കൊന്നത്. ഹോട്ടലിൻറെ സഹ ഉടമയായ സോണിയയും ജോസും അടുത്തിടെ സൗഹൃദത്തിലായിരുന്നു. ഇതെച്ചൊല്ലി സോണിയയും കൊല്ലപ്പെട്ട രഞ്ജിത്തും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തിനെ കൊല്ലാൻ തീരുമാനിച്ചതും നടപ്പാക്കിയതുമെന്നാണ് അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ സോണിയയുടെ പേരിൽ ഓച്ചിറ, നൂറനാട്, മാവേലിക്കര എന്നീ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Advertisement