25.7 C
Kollam
Saturday 11th July, 2026 | 03:38:23 AM
Home News Breaking News യുദ്ധമെങ്കില്‍ യുദ്ധം; എന്തിനും തയ്യാറായി യുഎസും ഇറാനും; കണക്കുകൂട്ടലുകള്‍, ഒരുക്കങ്ങള്‍!

യുദ്ധമെങ്കില്‍ യുദ്ധം; എന്തിനും തയ്യാറായി യുഎസും ഇറാനും; കണക്കുകൂട്ടലുകള്‍, ഒരുക്കങ്ങള്‍!

ആണവപദ്ധതി ഉപേക്ഷിക്കുന്നില്ലെങ്കില്‍, ഇറാന്‍ ഭരണകൂടത്തെ പുറത്താക്കാന്‍ രണ്ട് ഘട്ട ആക്രമണങ്ങളാണ് യു എസ് പ്ലാന്‍ ചെയ്യുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ആണവ ചര്‍ച്ച പരാജയപ്പെട്ടാല്‍, അടുത്തദിവസങ്ങളില്‍ ഇറാനിലെ നിശ്ചിത കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണ് പ്രാരംഭഘട്ടം. റെവല്യൂഷണറി ഗാര്‍ഡ് ആസ്ഥാനം, ആണവ നിലയങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കേന്ദ്രങ്ങള്‍ എന്നിവയാണ് ആക്രമിക്കുക. ഇതിനു ശേഷവും ഇറാന്‍ വഴങ്ങുന്നില്ലെങ്കില്‍, ഭരണമാറ്റം ലക്ഷ്യമിട്ട് ഈ വര്‍ഷാവസാനത്തോടെ ശക്തമായ സൈനിക ആക്രമണം നടത്തുകയാണ് രണ്ടാംഘട്ടം.

ബുധനാഴ്ച വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍നടന്ന ഉന്നതതലയോഗത്തില്‍ ട്രംപ് ഇറാന്‍ പ്ലാന്‍ ചര്‍ച്ച ചെയ്തു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ എന്നിവരും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍, സി.ഐ.എ ഡയറക്ടര്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് എന്നിവരാണ് പങ്കെടുത്തത്. സൈനികമായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും പ്രത്യാഘാതങ്ങള്‍ ചര്‍ച്ചയായി. അപകടസാധ്യതകളെക്കുറിച്ചും സങ്കീര്‍ണ്ണതകളെക്കുറിച്ചും കൂടുതല്‍ വ്യക്തത വേണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആവശ്യപ്പെട്ടു.

ഇറാന്റെ ഭൂഗര്‍ഭ ആണവനിലയങ്ങളെയും മിസൈല്‍ കേന്ദ്രങ്ങളെയും തകര്‍ക്കാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമുകളെ നേരിട്ട് ഇറക്കി മിന്നലാക്രമണം നടത്താനുള്ള നിര്‍ദേശം നേരത്തെ പരിഗണിച്ചിരുന്നു. അമേരിക്കന്‍ ബോംബുകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്തവിധം ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കമാന്‍ഡോകളെ ഇറക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഇത് പ്രായോഗികമല്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ദീര്‍ഘമായ ഒരു യുദ്ധം നാവികസേനാ കപ്പലുകള്‍ക്കും പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും വലിയ ഭാരമാകുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനാവട്ടെ, യുദ്ധസാഹചര്യം നേരിടുന്നതിന് പ്രസിഡന്റ് മസഊദ് പെസെഷ്‌കിയനെ നോക്കുകുത്തിയാക്കി പുതിയ നേതാവിനെ ഇറക്കി. സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി ലാറിജാനിക്കാണ് നിര്‍ണായക ചുമതല. ജനുവരി ആദ്യമാണ് 67 കാരനായ ലാറിജാനിയെ ആയത്തുല്ല അലി ഖാംനഈ ചുമതല ഏല്‍പ്പിച്ചത്. കഴിഞ്ഞ മാസം പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്‍കിയത് ലാറിജാനിയാണ്. റഷ്യയെപ്പോലെയുള്ള ശക്തരായ സഖ്യകക്ഷികളുമായും ഖത്തര്‍, ഒമാന്‍ തുടങ്ങിയ പ്രാദേശിക ശക്തികളുമായും ബന്ധം നിലനിര്‍ത്തുന്നത് അദ്ദേഹമാണ്. ആണവ ചര്‍ച്ചകളുടെ മേല്‍നോട്ടവും ലാറിജാനിക്കാണ്. യുദ്ധമുണ്ടായാല്‍ ഇറാനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും അദ്ദേഹമാണ്.