ഉള്ളടക്കത്തിൽ ദൈവ, മതനിന്ദ; പാക്കിസ്ഥാനിൽ വിക്കിപീഡിയ വിലക്കിയതായി റിപ്പോർട്ട്

ഇസ്‍ലാമാബാദ് ∙ മതനിന്ദയും ദൈവദൂഷണവും ഉൾക്കൊള്ളുന്ന ഉള്ളടക്കത്തിന്റെ പേരിൽ പാക്കിസ്ഥാനിൽ വിക്കിപീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഉള്ളടക്കത്തിലെ പ്രശ്നം ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ടെലകോം അതോറിറ്റി (പിടിഎ) വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ തടസ്സപ്പെടുത്തിയിരുന്നു. ദൈവനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കിൽ നിരോധിക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ച സാഹചര്യത്തിലാണ് വിക്കിപീഡിയയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചത്.

വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തിയ കാര്യം പിടിഎ വക്താവ് സ്ഥിരീകരിച്ചതായി വിവിധ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ, പാക്ക് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ദൈവനിന്ദാപരമായ ഉള്ളടക്കം ചൂണ്ടിക്കാട്ടി 48 മണിക്കൂർ നേരത്തേക്ക് വിക്കിപീഡിയയുടെ സേവനങ്ങൾ ടെലകോം അതോറിറ്റി തടസ്സപ്പെടുത്തിയത്.

വിവാദം സൃഷ്ടിച്ച ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി വിക്കിപീഡിയയ്ക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നതായി പിടിഎ വക്താവ് അറിയിച്ചു. വിക്കിപീഡിയയുടെ വാദങ്ങൾ അവതരിപ്പിക്കാനും അവസരം നൽകിയിരുന്നു. എന്നാൽ, വിവാദ ഉള്ളടക്കം നീക്കം ചെയ്യാനോ സ്വന്തം നിലപാട് അറിയിക്കാൻ അധികൃതർക്കു മുന്നിൽ ഹാജരാകാനോ വിക്കിപീഡിയ പ്രതിനിധികൾ തയാറാകാത്ത സാഹചര്യത്തിലാണ് നിരോധനമെന്ന് പിടിഎ വക്താവ് വ്യക്തമാക്കി.

വിവാദ ഉള്ളടക്കം നീക്കുന്നപക്ഷം വിക്കിപീഡിയയുടെ സേവനങ്ങൾ രാജ്യത്ത് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പാക്ക് അധികൃതർ അറിയിച്ചു. ദൈവനിന്ദ ഉൾക്കൊള്ളുന്ന ഉള്ളടക്കത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കും യുട്യൂബും മുൻപ് പാക്കിസ്ഥാനിൽ വിലക്കിയിട്ടുണ്ട്.

Advertisement