ചൈനയെ നിശിതമായി വിമർശിച്ച് അദാനി

സിംഗപ്പൂർ: ചൈന കൂടുതലായി ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന സ്ഥാനത്തിനു ഭീഷണി ഉയരുന്നുണ്ടെന്നും പ്രമുഖ വ്യവസായി ഗൗതം അദാനി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നപദ്ധതിയായ ബെൽ‌റ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനു (ബിആർസി) നിരവധി രാജ്യങ്ങളിൽ തടസ്സം നേരിടുന്നുണ്ടെന്നും അദാനി പറഞ്ഞു.

‘‘ആഗോളശക്തിയാവുക എന്ന ചൈനയുടെ ആഗ്രഹത്തിനു വെല്ലുവിളി ഉയർന്നുകഴിഞ്ഞു. ബെൽ‌റ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന് എതിരെ പല രാജ്യങ്ങളിൽനിന്നും എതിർപ്പുയരുന്നുണ്ട്. കേന്ദ്രബാങ്കുകൾ ‘ആലോചനയില്ലാതെ’ പലിശനിരക്കുകൾ ഉയർത്തുന്നത് സമ്പദ്‍‌വ്യവസ്ഥയെ തകർക്കുകയും മാന്ദ്യത്തിലേക്കു തള്ളിവിടുകയും ചെയ്യും.’’– ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ധനികനായ അദാനി സിംഗപ്പൂരിലെ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

സമ്പത്ത് സ്വരുക്കൂട്ടി ആഗോളസാന്നിധ്യം വർധിപ്പിക്കുന്ന വേളയിലാണു ചൈനയ്ക്കെതിരെ അദാനി രംഗത്തുവന്നത്. ഫോസിൽ ഇന്ധനങ്ങളിൽനിന്നു കൂടുതലായി ഊർജം ഉൽപാദിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് എതിരായ വിമർശനങ്ങളോടും അദാനി പ്രതികരിച്ചു. ‘‘പരമ്പരാഗത ഊർജ സ്രോതസ്സായ ഫോസിൽ ഇന്ധനങ്ങൾ പെട്ടെന്ന് ഒഴിവാക്കി ഹരിതോർജത്തിലേക്കു മാറണമെന്നാണു വിമർശകരുടെ അഭിപ്രായം. എന്നാൽ വലിയ ജനസംഖ്യയുള്ള ഇന്ത്യയിൽ ഇതു പ്രായോഗികമല്ല’’– അദാനി ചൂണ്ടിക്കാട്ടി.

ഹരിതോർജ മേഖലയിൽ അദാനി വൻനിക്ഷേപം നടത്തുന്ന പശ്ചാത്തലത്തിലാണു പരാമർശം ശ്രദ്ധേയമാകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന കാർബൺ ബഹിർഗമനത്തിന് ഉത്തരവാദികൾ വികസിത രാഷ്ട്രങ്ങളാണെന്നും ഇന്ത്യയിലെ എല്ലാ വീടുകളിലും വൈദ്യുതി എന്ന ലക്ഷ്യം പൂർത്തിയാക്കാൻ കുറഞ്ഞവിലയ്ക്കു കിട്ടുന്ന ഫോസിൽ ഇന്ധനം ആവശ്യമാണെന്നും നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

മോദിയുടെ വാക്കുകളുടെ പ്രതിഫലനമാണ് അദാനിയുടെ പ്രസ്താവനയെന്നാണു നിരീക്ഷണം. ഹരിതഗൃഹ വാതകങ്ങൾ ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ധനസഹായവും ലഭ്യമാക്കാതെ കാർബൺരഹിത ലോകം എന്ന ലക്ഷ്യം നേടാൻ കഴിയില്ലെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement