29.4 C
Kollam
Wednesday 25th November, 2026 | 12:47:53 PM
Home News Breaking News ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം; അഞ്ചു ലക്ഷം രൂപ പിഴ

ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം; അഞ്ചു ലക്ഷം രൂപ പിഴ

Advertisement

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് ശിക്ഷ വിധിച്ചത്. കേസിൽ ഇവർ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. നാലു മുതൽ 20 വരെ പ്രതികളെ കോടതി വെറുതെവിട്ടു.

പിഴത്തുകയായ 15 ലക്ഷം രൂപ അടച്ചാൽ അത് ധനരാജിന്റെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ ചുമതലപ്പെടുത്തി. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.

വീട്ടിൽ അതിക്രമിച്ചുകയറിയതിന് മൂന്ന് മാസം, ധനരാജിന്റെ അമ്മയെ ആക്രമിച്ചതിന് ഒരു വർഷം, കൃത്യത്തിനിടെ ഭാര്യയെയും അമ്മയെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസം, ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് നാലു വർഷം എന്നിങ്ങനെയാണ് മറ്റ് കുറ്റങ്ങൾക്കുള്ള തടവുശിക്ഷ. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും വിധിച്ചു.

കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. രാഷ്ട്രീയക്കേസാണെന്നും പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളുണ്ടെന്നും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കൊല്ലപ്പെട്ട ധനരാജിനും രണ്ടു കുട്ടികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലാത്തതിനാലാണ് നാലു മുതൽ 20 വരെയുള്ള പ്രതികളെ വെറുതെവിട്ടതെന്ന് കോടതി വ്യക്തമാക്കി. കൊലപാതകത്തിനുള്ള കാരണം പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഗൂഢാലോചനയ്ക്കും തെളിവില്ല. ഇതോടെയാണ് 16 പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസിലെ ഒരു പ്രതി നേരത്തേ കൊല്ലപ്പെട്ടിരുന്നു. ബിജെപി–ആർഎസ്എസ് പ്രവർത്തകരായ 20 പേരാണ് കേസിൽ പ്രതികളായിരുന്നത്.

2016 ജൂലൈ 11നാണ് സിപിഎം ഏഴിമല മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി.വി. ധനരാജ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ച് വെട്ടിയും കുത്തിയുമായിരുന്നു കൊലപാതകം. ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘമാണ് രാത്രി ഒൻപതേകാലോടെ ആക്രമണം നടത്തിയതെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here