29.5 C
Kollam
Tuesday 24th November, 2026 | 10:50:32 AM
Home News Breaking News ആദ്യവിവാഹം മറച്ചുവച്ച് രണ്ടാം വിവാഹം; വ്യാജ സത്യവാങ്മൂലം ഹാജരാക്കിയ യുവാവ് അറസ്റ്റിൽ

ആദ്യവിവാഹം മറച്ചുവച്ച് രണ്ടാം വിവാഹം; വ്യാജ സത്യവാങ്മൂലം ഹാജരാക്കിയ യുവാവ് അറസ്റ്റിൽ

Advertisement

കൊല്ലം: ആദ്യവിവാഹം മറച്ചുവച്ച് രണ്ടാം വിവാഹം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ചോറ്റാനിക്കര എരുവേലി കായംപിള്ളിയിൽ ഹൗസിൽ ഇന്ദ്രജിത്ത് (32)നെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വാളകം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. താൻ മുൻപ് വിവാഹം കഴിച്ചിട്ടില്ലെന്ന് തെളിയിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും പേരിൽ വ്യാജ സത്യവാങ്മൂലം തയ്യാറാക്കി ഹാജരാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.

2025 ജൂലൈ 12നാണ് ഇന്ദ്രജിത്ത് വാളകം സ്വദേശിനിയെ വിവാഹം ചെയ്തത്. എന്നാൽ, ഇതിനുമുൻപ് 2023 ജൂലൈ 14ന് ഇടുക്കി സ്വദേശിനിയെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചിരുന്നു. എറണാകുളം കുടുംബകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 ഫെബ്രുവരി ഒന്നിന് ഈ വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു.

മുൻവിവാഹത്തിന്റെ വിവരം മറച്ചുവച്ചാണ് ഇയാൾ വാളകം സ്വദേശിനിയെ വിവാഹം ചെയ്തത്. വിവാഹാലോചന സമയത്തോ വിവാഹവേളയിലോ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. വർക്കല ശിവഗിരിയിലും ആറ്റുകാൽ ക്ഷേത്രത്തിലും വിവാഹച്ചടങ്ങുകൾ നടത്തുന്നതിന് മുൻപ് അവിവാഹിതനാണെന്നോ വിവാഹിതനായിരുന്നെങ്കിൽ നിയമപരമായി ബന്ധം വേർപെടുത്തിയെന്നോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്.

ഇതിനായി കണയന്നൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും പേരിലുള്ള വ്യാജ സത്യവാങ്മൂലമാണ് ഇയാൾ ഹാജരാക്കിയത്. യുവാവിനെ വർഷങ്ങളായി അറിയാമെന്നും മുൻപ് വിവാഹം കഴിച്ചിട്ടില്ലെന്നുമാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവഗിരിയിൽ മാലയിടൽ ചടങ്ങും ആറ്റുകാലിൽ വിവാഹച്ചടങ്ങും നടത്തിയത്.

പിന്നീട് ദമ്പതികൾക്കിടയിൽ ഭിന്നതയുണ്ടായതോടെ യുവതിയുടെ വീട്ടുകാർ യുവാവിനും ബന്ധുക്കൾക്കുമെതിരേ സ്ത്രീധന പീഡനത്തിന് കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. ഇതുസംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഇയാളുടെ മുൻവിവാഹവിവരവും വ്യാജ സത്യവാങ്മൂലത്തിന്റെ വിവരവും പുറത്തുവന്നത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൊട്ടാരക്കര എസ്എച്ച്ഒ ഹേമന്ത് മോഹൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here