കൊല്ലം: ചെറുമൂട് സ്വദേശി രാജു എഡ്വേഡിനെ (56) കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യ ലേഖ മേരിയെ (48) തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം. അസഭ്യവർഷവും ചീമുട്ടയേറുമുണ്ടായതോടെ ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് ലേഖയുമായി കൊലപാതകം നടന്ന വീട്ടിൽ പ്രവേശിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലേഖ വീട്ടിലേക്ക് നടന്നുകയറിയത്.
ഈ മാസം മൂന്നിനാണ് രാജു എഡ്വേഡ് മരിച്ചത്. സ്വത്തുതർക്കത്തെത്തുടർന്ന് ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൂന്നിന് പുലർച്ചെ ലേഖയും വീടിനടുത്ത് താമസിക്കുന്ന രാജുവിന്റെ സഹോദരൻ ബൈജുവും ചേർന്നാണ് രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞുവീണെന്നാണ് ലേഖ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ രാജുവിന്റെ കഴുത്തിൽ പാടുകൾ കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചു.
കഴുത്തിൽ ശക്തമായി അമർത്തിയതാണ് മരണകാരണമെന്നും കുഴഞ്ഞുവീണതിന്റെ സൂചനകളില്ലെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ലേഖയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
രാജുവും ലേഖയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഏക മകൾ ബന്ധുവീട്ടിൽ താമസിച്ചാണ് പഠിക്കുന്നത്. ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജുവിന് അടുത്തിടെ ലഭിച്ച കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന ലേഖയുടെ ആവശ്യവും തർക്കത്തിന് കാരണമായി.
സംഭവദിവസം പുലർച്ചെ അഞ്ചിന് ഉണ്ടായ വഴക്കിനിടെ രാജു ലേഖയെ മർദിച്ചതായും പറയുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
Home News Breaking News കൊല്ലത്ത് കഴുത്തിൽ ബെൽറ്റ് മുറുക്കി ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: തെളിവെടുപ്പിനിടെ ഭാര്യയ്ക്കു നേരെ ചീമുട്ടയേറ്



























