29.3 C
Kollam
Wednesday 14th October, 2026 | 06:50:07 PM
Home News Breaking News നെടുമ്പാശേരി അപകടം: നാല് പ്രതികളെ നാളെ വൈകിട്ട് അഞ്ചുവരെ കസ്റ്റഡിയിൽ വിട്ടു

നെടുമ്പാശേരി അപകടം: നാല് പ്രതികളെ നാളെ വൈകിട്ട് അഞ്ചുവരെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: നെടുമ്പാശേരിയിൽ മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച മിനികൂപ്പർ കാറിടിച്ച്‌ മൂന്ന് പേർ മരിച്ച സംഭവത്തിൽ നാല് പ്രതികളെ നാളെ വൈകിട്ട് അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ 1.45നായിരുന്നു നാടിനെ നടുക്കിയ അപകടം. മദ്യലഹരിയിൽ സുഹൈൽ സജീവ് (19) ഓടിച്ച മിനികൂപ്പർ സ്‌കൂട്ടറിലിടിച്ചാണ് മൂന്ന് യുവാക്കൾ മരിച്ചത്. കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട് കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ് (21) എന്നിവരാണ് മരിച്ചത്.

അപകടവുമായി ബന്ധപ്പെട്ട് ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ്, ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരാണ് റിമാൻഡിലായത്.

അതിനിടെ, മുഖ്യപ്രതിയുടെ പേരും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന വിവരവും എഫ്‌ഐആറിൽ ഉൾപ്പെടുത്താതിരുന്നതുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. മരിച്ചവരുടെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് റൂറൽ എസ്‌പി എസ്. സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു. എഫ്‌ഐആറിലെ വിവരങ്ങൾ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾക്കിടെ, മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന പൊലീസ് വിശദീകരണം പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here