25.4 C
Kollam
Friday 14th August, 2026 | 09:14:01 AM
Home News Breaking News ഉത്തരാഖണ്ഡിൽ തുരങ്കനിർമാണത്തിനിടെ മിന്നൽ പ്രളയം: ഏഴ് തൊഴിലാളികൾ മരിച്ചു

ഉത്തരാഖണ്ഡിൽ തുരങ്കനിർമാണത്തിനിടെ മിന്നൽ പ്രളയം: ഏഴ് തൊഴിലാളികൾ മരിച്ചു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ തുരങ്കനിർമാണ പ്രവർത്തനങ്ങൾക്കിടെ മിന്നൽപ്രളയത്തെ തുടർന്നുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. പിപൽക്കോട്ടിക്ക് സമീപം നിർമാണം പുരോഗമിച്ചുകൊണ്ടിരുന്ന തുരങ്കത്തിലേക്ക് മണ്ണും വെള്ളവും കുത്തിയൊലിച്ചുകയറിയതാണ് ദുരന്തത്തിന് കാരണമായത്.
അപകടസമയത്ത് 22 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിലുണ്ടായിരുന്നത്. ഇതിൽ 15 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തൊഴിലാളികൾ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
വൈകുന്നേരം 6.30ഓടെയാണ് നിർമാണം നടന്നുകൊണ്ടിരുന്ന തുരങ്കത്തിലേക്ക് വൻതോതിൽ മണ്ണും വെള്ളവും ഇരച്ചുകയറിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാർ അറിയിച്ചു. സംഭവത്തെ തുടർന്ന് എൻഡിആർഎഫും എസ്‍ഡിആർഎഫും ഉൾപ്പെടെയുള്ള രക്ഷാസേനകൾ തിരച്ചിലും രക്ഷാപ്രവർത്തനവും ശക്തമാക്കി.
മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും അതിവേഗം നടത്താൻ നിർദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് തത്സമയ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റ തൊഴിലാളികളെ മുഖ്യമന്ത്രി സന്ദർശിക്കുകയും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
അപകടത്തിൽപ്പെട്ടവരിൽ ജാർഖണ്ഡ്, ഛത്തീസ്ഗഢ് സ്വദേശികളുണ്ടെന്നും അവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്ന വിവരം ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ടെന്നും ധാമി പറഞ്ഞു. ചീഫ് മെഡിക്കൽ സൂപ്രണ്ടുമായും അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി.
കഴിഞ്ഞ ദിവസങ്ങളിലായി ചമോലി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. തിങ്കളാഴ്ച നിതി താഴ്വരയിൽ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉണ്ടായ ശക്തമായ ഒഴുക്കിൽ ഒരു ലോഹപാലം ഒലിച്ചുപോയിരുന്നു. ചെളിവെള്ളത്തിന്റെ കുത്തൊഴുക്കിൽ പാലം വേരോടെ ഇളകിമാറി നദിക്കരയിലേക്ക് തള്ളപ്പെടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്നതിനാൽ മേഖലയിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here