29.2 C
Kollam
Thursday 24th September, 2026 | 12:45:09 PM
Home News Breaking News ടി.ജി. മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയില്‍

ടി.ജി. മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസില്‍ സംഘപരിവാര്‍ സഹയാത്രികന്‍ ടി.ജി. മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയില്‍. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സൈബര്‍ സെല്‍ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് വൈകിട്ട് അഞ്ചോടെ വീട്ടിലെത്തിയത്. മോഹന്‍ദാസിന്റെ ഡിജിറ്റല്‍ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

മോഹന്‍ദാസിനെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ തിരുവനന്തപുരത്ത് എത്തിച്ചശേഷമായിരിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് പതിനൊന്ന് ദിവസം പിന്നിട്ടിട്ടും മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരായ പൊലീസ് നടപടികള്‍ക്കിടെ മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെയും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 29നാണ് മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353(1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120(ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പൊതുസമൂഹത്തില്‍ ലഹളയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഹന്‍ദാസ് പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു.

‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശങ്ങള്‍. ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തുന്നവരെ നേരിടാന്‍ അവസരം ലഭിച്ചാല്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാത്ത പക്ഷം വെടിവെക്കുകയും ചെയ്യുമെന്നായിരുന്നു പരാമര്‍ശം.

മൂന്ന് തവണ മൈക്കിലൂടെ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടശേഷം വെടിവെക്കുമെന്നും ആളുകള്‍ മരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുമെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സാഹചര്യം നിയന്ത്രണവിധേയമാക്കുമെന്നും മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് പരാതിയിലുള്ളത്.

ഇത്തരം പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹന്‍ദാസ് പരാമര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ സമരം ചെയ്ത പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.