29.6 C
Kollam
Wednesday 16th September, 2026 | 11:06:19 AM
Home News Breaking News മഴക്കെടുതി രൂക്ഷം; ഷോക്കേറ്റ് കർഷകൻ മരിച്ചു, ഒഴുക്കിൽപ്പെട്ട് നാലുവയസുകാരനും മരിച്ചു; സംസ്ഥാനത്ത് മരണസംഖ്യ ആറായി

മഴക്കെടുതി രൂക്ഷം; ഷോക്കേറ്റ് കർഷകൻ മരിച്ചു, ഒഴുക്കിൽപ്പെട്ട് നാലുവയസുകാരനും മരിച്ചു; സംസ്ഥാനത്ത് മരണസംഖ്യ ആറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരണസംഖ്യ ആറായി. വയനാട്ടിലും മലപ്പുറത്തും ശനിയാഴ്ച നടന്ന രണ്ട് ദുരന്തങ്ങളിൽ ഒരു കർഷകനും നാലുവയസുകാരനും ജീവൻ നഷ്ടമായി.

വയനാട് പടിഞ്ഞാറത്തറ മഞ്ഞൂറ സ്വദേശിയായ കർഷകൻ ബെന്നിയാണ് ഷോക്കേറ്റ് മരിച്ചത്. മീൻ വളർത്തുന്ന കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കുന്നതിനിടെ മോട്ടോറിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ ആദം അയ്മനും മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ്–നദീറ ദമ്പതികളുടെ മകനാണ് അയ്മൻ. വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീണതിനെ തുടർന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.

ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മണക്കാട്ട് റെജീനയും മകൻ ജോസഫിൻ ജോണിയും മരിച്ചിരുന്നു.

ഇടുക്കി കുടയത്തൂർ അടൂർമലയിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരണപ്പെട്ടു. അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലായപ്പോൾ ഭർത്താവ് രവിയും മകൻ രതീഷും രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.