ഗ്ലാസ്‌ഗോ (സ്‌കോട്ലൻഡ്) : കോമൺവെൽത്ത് ഗെയിംസിന്റെ 23–ാം പതിപ്പിന് ഇന്ന് തുടക്കം. സ്‌കോട്ലൻഡ് നഗരമായ ഗ്ലാസ്‌ഗോയിലാണ് 11 ദിവസത്തെ ഗെയിംസ്. ഹൈഡ്രോ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10.30ന് ഉദ്‌ഘാടനചടങ്ങുകൾ ആരംഭിക്കും. ആഗസ്‌ത് രണ്ടിനാണ് സമാപനം. ഇന്ത്യ ഉൾപ്പെടെ 74 രാജ്യങ്ങൾ പങ്കെടുക്കും. 3,000 കായികതാരങ്ങൾ അണിനിരക്കും. മാർച്ച്‌പാസ്‌റ്റിൽ മീരാഭായ് ചാനുവും ലവ്‌ലിന ബൊർഗോഹെയ്‌നും ഇന്ത്യൻ പതായകയേന്തും. സോണി സ്‌പോർട്‌സിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം.
വിപുലമായ ഉദ്‌ഘാടനച്ചടങ്ങാണ് ഒരുക്കുന്നത്. നൃത്തവും സംഗീതവും സമന്വയിക്കുന്ന മെഗാവിരുന്നാണ് തയ്യാറായിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ചെലവ് ചുരുക്കിയാണ് സംഘാടനം. 2022ൽ ബർമിങ്ഹാമിലുണ്ടായിരുന്ന പല ഇനങ്ങളും ഒഴിവാക്കി. ഇത്തവണ അത്‌ലറ്റിക്‌സ് അടക്കം 10 ഇനങ്ങളിലാണ് മത്സരം. 3×3 ബാസ്‌കറ്റ്‌ബോൾ, ആർട്ടിസ്‌റ്റിക് ജിംനാസ്‌റ്റിക്‌സ്, ബൗൾസ്, ബോക്‌സിങ്, ജുഡോ, നെറ്റ്‌ബോൾ, നീന്തൽ, സൈക്ലിങ്, ഭാരോദ്വഹനം എന്നിവയാണ് മറ്റ് ഇനങ്ങൾ. 215 സ്വർണമെഡലുകൾ ലക്ഷ്യമിട്ടാണ് പോരാട്ടം. ഭിന്നശേഷിക്കാർക്കായി ആറ് പാരാ ഇനങ്ങളുണ്ട്. വീൽചെയർ ബാസ്‌കറ്റ്‌ബോൾ, അത്‌ലറ്റിക്‌സ്, ബൗൾസ്, ട്രാക്ക് സൈക്ലിങ്, നീന്തൽ, പവർലിഫ്‌റ്റിങ് എന്നിവയാണ് പാരാ ഇനങ്ങൾ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, കാനഡ, ഇന്ത്യ എന്നിവയാണ് ഗെയിംസിലെ പ്രധാനരാജ്യങ്ങൾ. കരുത്തരായ ഓസീസിന് 386 അംഗ സംഘമാണ്.
കാനഡയ്‌ക്ക് 149. ഇന്ത്യ 125 അംഗ ടീമിനെ അണിനിരത്തുന്നു. ഗെയിംസിന്റെ ചരിത്രത്തിൽ പതിനാല് തവണയും ഓസ്‌ട്രേലിയയാണ് ഓവറോൾ ജേതാക്കൾ. കഴിഞ്ഞ രണ്ടുതവണയും കിരീടം നേടി. ഇക്കുറി ഹാട്രിക്കാണ് ലക്ഷ്യം. ഇംഗ്ലണ്ട് ഏഴ് തവണ ഒന്നാമതെത്തി. അവസാനനേട്ടം ഇതേ വേദിയിൽ 2014ൽ ആണ്. 1978ൽ മാത്രമാണ് കാനഡ ചാമ്പ്യൻമാരായത്. ഇന്ത്യ ഒരിക്കലും ഒന്നാമതെത്തിയിട്ടില്ല. 2010ൽ ന്യൂഡൽഹി ആതിഥേയരായപ്പോൾ റണ്ണറപ്പായതാണ് പ്രധാന നേട്ടം. 2022ൽ ബർമിങ്ഹാമിൽ നടന്ന ഗെയിംസിൽ ഓസ്‌ട്രേലിയ 67 സ്വർണമടക്കം 179 മെഡലുമായി ഓവറോൾ ചാമ്പ്യൻമാരായി. ഇംഗ്ലണ്ടിന് 58 സ്വർണത്തോടെ 176 മെഡലും രണ്ടാംസ്ഥാനവും. കാനഡയ്‌ക്ക് 26 സ്വർണമടക്കം 92 മെഡൽ. ഇന്ത്യ നാലാംസ്ഥാനത്തായിരുന്നു. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 61 മെഡൽ. ബൗൾസ് മത്സരങ്ങൾ ഇന്ന് തുടങ്ങും.




























