26.9 C
Kollam
Friday 4th September, 2026 | 10:29:32 PM
Home News Breaking News ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷമുള്ള നാടകീയ സംഭവങ്ങളിലും കൂട്ടത്തല്ലിലും അർജന്റീനയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷമുള്ള നാടകീയ സംഭവങ്ങളിലും കൂട്ടത്തല്ലിലും അർജന്റീനയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷമുള്ള നാടകീയ സംഭവങ്ങളിലും കൂട്ടത്തല്ലിലും അർജന്റീനയ്‌ക്കെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിന് ശേഷമുണ്ടായ സംഘർഷങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഫിഫയുടെ അച്ചടക്ക സമിതി ഒരു പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്.

സംഭവത്തിൽ കുറ്റക്കാരായി കണ്ടെത്തുന്ന കളിക്കാർക്കോ പരിശീലകർക്കോ വിലക്ക് നേരിടേണ്ടി വന്നേക്കാം. കൂടാതെ അർജന്റീന ഫുട്ബോൾ അസോസിയേഷന് പിഴ ചുമത്താനും സാധ്യതയുണ്ട്.


ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ സ്പെയിനോട് 1-0 എന്ന സ്കോറിന് പരാജയപ്പെട്ടതിന് പിന്നാലെ സ്പാനിഷ് താരങ്ങൾ വിജയാഘോഷം നടത്തുന്നതിനിടയിലാണ് അർജന്റീനൻ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും തമ്മിൽ സംഘർഷമുണ്ടായത്.


നഹുവൽ മോളിന, ലിയാൻഡ്രോ പെരെഡെസ്, തിയാഗോ അൽമാഡ, അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാല എന്നിവരാണ് സംഭവത്തിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്.


സ്പാനിഷ് താരം എറിക് ഗാർഷ്യയെ തൊണ്ടയിൽ പിടിച്ച് തള്ളിയ ലിയാൻഡ്രോ പെരെഡെസിന് മത്സരത്തിനിടയിൽ റഫറി സ്ലാവ്കോ വിൻസിച്ച് ചുവപ്പ് കാർഡ് നൽകിയതായി ഫിഫ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, പിന്നീട് അത് പിൻവലിച്ചിരുന്നു.


ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വിജയം നേടിയതിന് ശേഷം അർജന്റീനൻ താരങ്ങൾ ഫോക്ലാൻഡ് ദ്വീപുകളുടെ അവകാശവാദവുമായി ബന്ധപ്പെട്ട ബാനർ ഉയർത്തിയത് വലിയ വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് ഫിഫ ഇപ്പോൾ പുതിയ അച്ചടക്ക നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഫിഫയുടെ അച്ചടക്കച്ചട്ടത്തിലെ ആർട്ടിക്കിൾ 13 അനുസരിച്ചാണ് മോശമായ പെരുമാറ്റത്തിനും ഫെയർ പ്ലേ തത്വങ്ങളുടെ ലംഘനത്തിനും നടപടിയെടുക്കുന്നത്.