30.5 C
Kollam
Saturday 26th September, 2026 | 03:44:19 PM
Home News Breaking News ‘ഓപ്പറേഷന്‍ സിന്ദൂര്‍’: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകള്‍ സര്‍ക്കാര്‍ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു

‘ഓപ്പറേഷന്‍ സിന്ദൂര്‍’: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകള്‍ സര്‍ക്കാര്‍ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നടന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ സര്‍ക്കാര്‍ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു. ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയായിരുന്നു ഇത്.
അഞ്ച് കരസേന ഉദ്യോഗസ്ഥരും ഒരു വ്യോമസേന ഉദ്യോഗസ്ഥനുമാണ് ഈ നടപടിക്കിടെ രാജ്യം കാക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, റൈഫിള്‍മാന്‍ സുനില്‍ കുമാര്‍, ലാന്‍സ് നായിക് ദിനേഷ് കുമാര്‍, അഗ്‌നിവീര്‍ മുരളി നായിക്, ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിങ്, ഇന്ത്യന്‍ വ്യോമസേനയിലെ സര്‍ജന്റ് സുരേന്ദ്ര കുമാര്‍ എന്നിവരാണ് രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചത്. ഇവരുടെ പേരുകള്‍ ദേശീയ തലസ്ഥാനത്തെ നാഷനല്‍ വാര്‍ മെമ്മോറിയലില്‍ ആലേഖനം ചെയ്യും.

2025-ലെ വിവിധ സൈനിക നടപടികളില്‍ വീരമൃത്യു വരിച്ച സൈനികരുടെ പട്ടികയോടൊപ്പമാണ് ഇവരുടെ പേരുകളും ഉള്‍പ്പെടുത്തിയത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികരുടെ പേരും റാങ്കും യൂനിറ്റും ആലേഖനം ചെയ്തിരിക്കുന്ന, നാഷനല്‍ വാര്‍ മെമ്മോറിയലിലെ ‘ത്യാഗ ചക്ര’യിലാണ് ഈ ആറുപേരുടെ പേരുകളും ഇനി മുതല്‍ സ്ഥാനം പിടിക്കുക.

കഴിഞ്ഞ വര്‍ഷം മേയ് ഏഴിനായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര ക്യാമ്പുകള്‍ ലക്ഷ്യമാക്കി ഇന്ത്യ മിന്നലാക്രമണം നടത്തിയത്. ഇതിനെത്തുടര്‍ന്ന് പാകിസ്താന്‍ ഉടന്‍ തന്നെ പ്രത്യാക്രമണം നടത്തിയതോടെ അതിര്‍ത്തിയില്‍ നാല് ദിവസത്തോളം നീണ്ടുനിന്ന കടുത്ത സംഘര്‍ഷമുണ്ടായി. ഡ്രോണ്‍ ആക്രമണങ്ങളും കനത്ത ഷെല്ലാക്രമണവും നടന്ന സംഘര്‍ഷം മേയ് പത്തിനാണ് അവസാനിച്ചത്.