Home Blog Page 975

ശബരിമല സ്വർണ്ണക്കൊള്ള, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശ യാത്രയിൽ അന്വേഷണം

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശ യാത്രയിൽ അന്വേഷണം ആരംഭിച്ചു
SIT.2019 നും 2025 നും ഇടയിൽ നടത്തിയ വിദേശ യാത്രകൾ അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ
ഇന്ന് എസ്.പി മാരായ ശശിധരൻ,ബിജോയ്‌ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.സുഭാഷ് കപൂർ മോഡൽ അന്താരാഷ്ട്ര
സ്വർണ്ണക്കടത്തെന്ന കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് SIT നീക്കം.അതേ സമയം പേരൂർക്കട വ്യാജ മാല
മോഷണ കേസിലെ ആരോപണ വിധേയനായ SHO യേ SIT യിൽ ഉൾപ്പെടുത്താനുള്ള നീക്കം
വിവാദമായതിന് പിന്നാലെ ഉപേക്ഷിച്ചു.

പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ നടന്ന കുട്ടികളുടെ കവിയരങ്ങ് വേറിട്ടതായി

പൂയപ്പള്ളി:വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ കവിയരങ്ങ് വേറിട്ടതായി.ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ 27 കുട്ടികൾ പങ്കെടുത്തു.സ്വന്തമായി എഴുതിയ കവിതകൾ അവർ തന്നെ ചൊല്ലി അവതരിപ്പിച്ചു.സ്കൂൾ പ്രഥമാധ്യാപിക കെ.കലാദേവി ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം ജില്ലാ അസി.കോഡിനേറ്ററും സ്കൂൾ കൺവീനറുമായ ഡി.സുജാത അധ്യക്ഷത വഹിച്ചു.സീനിയർ അസി.എസ്.സിന്ധു, അധ്യാപകരായ വേണുറോയ്,നജീമ ബീഗം,സജീന ബീവി,സ്മിത സോമൻ,ജയശ്രീ.വി,ചിത്ര എ.ജി,ആശാദേവി.കെ എന്നിവർ പ്രസംഗിച്ചു.

ട്രെയിൻ പരിശോധന ശക്തമാക്കി എക്സൈസ്

ശാസ്താംകോട്ട  സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ സൂര്യ s ൻ്റെയും കൊല്ലം RPF ടീമിൻ്റെയും നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. ലഹരി കടത്തുന്നവരെയും ലഹരി ഉപയോഗിച്ച് ട്രെയിൻ യാത്ര നടത്തുന്നവർക്ക് എതിരെയും നടപടി എടുക്കും എന്ന് എക്സൈസ് അറിയിച്ചു. രഹസ്യ നിരീക്ഷണം നടത്തുന്നതിനായി മഫ്തീയിൽ ആളെ നിയോഗിച്ചു പരിശോധന നടത്തും എന്നും ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർമാരായ സൂര്യ.S, അബ്ദുൽ വഹാബ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജയൻ, പ്രിവന്റ് ഓഫീസർമാരായ സജീവ് അജയൻ, സന്തോഷ്‌,ജിനു തങ്കച്ചൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്, സുധീഷ്, വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലക്ഷ്മി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് അട്ടപ്പാടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങള്‍ മരിച്ചു. അജയ് – ദേവി ദമ്പതികളുടെ മക്കളായ ഏഴും നാലും വയസ്സുള്ള ആദിയും, അജ്‌നേഷുമാണ് മരിച്ചത്. ബന്ധുവായ ആറുവയസ്സുകാരി അഭിനയക്ക് ഗുരുതര പരുക്കേറ്റു. അട്ടപ്പാടി കരുവാര ഊരില്‍ വൈകിട്ടായിരുന്നു അപകടം.
കുട്ടികളുടെ വീടിന് സമീപത്ത് കളിക്കുന്നതിനിടെ പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണാണ് കുട്ടികള്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരങ്ങള്‍ അപ്പോഴെക്കും മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; ആറ് ജീവനക്കാരെ നുണപരിശോധന നടത്താന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തില്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്. ആറു ജീവനക്കാരെ നുണപരിശോധന നടത്താനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

നുണ പരിശോധനയ്ക്ക് മുന്‍പ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫോര്‍ട്ട് പോലീസ് നല്‍കിയ അപേക്ഷയിലാണ് ഉത്തരവായത്. ക്ഷേത്രം മാനേജര്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്.

ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശാന്‍ സ്‌ട്രോങ്ങ് റൂമില്‍ നിന്ന് എടുത്ത സ്വര്‍ണത്തില്‍ നിന്നാണ് 13 പവന്‍ കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മണലില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വര്‍ണം കാണാതായത്.

കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അടക്കം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

‘അബു അരീക്കോട് ഇനി യു ട്യൂബില്‍ വരില്ല!

ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് അബു അരീക്കോട്. ജനിച്ച കാലം തൊട്ട് യുവാവായി നിയമ പഠനം നടത്തുന്ന നാള്‍ വരെയും പ്രയാസകരമായ കുടുംബ പശ്ചാതലത്തിലൂടെ കടന്ന് പോയ അബു അഭിമാനം അടിയറ വെക്കാതെയാണ് അവസാന നിമിഷം വരെ ജീവിച്ചത്. അരീക്കോട്ടുകാരന്‍ അബു രാഷ്ട്രീയത്തില്‍ ഒഴുക്കിനെതിരെ നീന്താനാണ് എന്നും ഇഷ്ടപ്പെട്ടത്.

നിലപാടുകളും അഭിപ്രായങ്ങളും പേറി ദുരിതപര്‍വ്വങ്ങള്‍ താണ്ടേണ്ടി വന്നപ്പോഴും
ആരുടെ മുമ്പിലും ആദര്‍ശം അബു അടിയറ വെച്ചില്ല. യു ട്യൂബര്‍ എന്ന നിലയില്‍ കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. അതൊന്നും ആരോടെങ്കിലുമുള്ള വ്യക്തി വിദ്വേഷം കൊണ്ടല്ല. താന്‍ ശരിയെന്ന് ഉറച്ചു കരുതുന്ന രാഷ്ട്രീയത്തോടുള്ള അതിരുകളില്ലാത്ത അടുപ്പം കൊണ്ടാണ്. ഇടതു വേദികളില്‍ കത്തിക്കയറിയിരുന്ന പ്രഭാഷകനും കൂടിയാണ് അകാലത്തില്‍ അരങ്ങൊഴിഞ്ഞത്.

മലയാള സാഹിത്യത്തിലെ എക്കാലത്തും അനശ്വരനായ ഇടപ്പള്ളി രാഘവന്‍ പിള്ള, ജീവിതത്തിന്റെ തിരശ്ശീല സ്വയം പിടിച്ചു വലിച്ചു താഴ്ത്തി കാലവയനികക്കുള്ളില്‍ മറയുന്നതിന് മുമ്പ് എഴുതിയ വരികള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല:

‘ഇല്ലൊരു സമാധാനമിങ്ങെങ്ങും വെറുംവെറും, പൊള്ളലാടങ്ങാത്ത ദാഹമാണയ്യോ ചുറ്റും’

ചുറ്റും അനീതിയും അന്യായവും കൊടികുത്തി വാഴുമ്പോള്‍ അതിനോട് സന്ധി ചെയ്യാതെ മുന്നോട്ടു പോകാന്‍ അസാമാന്യമായ നെഞ്ചുറപ്പു വേണം. താങ്ങും സഹായവും കിട്ടാന്‍ വീട്ടുവീഴ്ചകള്‍ വേണമെന്ന നാട്ടുനടപ്പുകളോട് കലഹിച്ച അബു, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നന്നേ പാടുപെട്ടിരുന്നതായാണ് സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞത്.

അനാവശ്യമായ മരണം എന്നേ അബു അരീക്കോടിന്റെ വേര്‍പാടിനെ കുറിച്ച് പറയാനാകൂ. അഭിമാനബോധം അത്രമേല്‍ ഉള്ള സാധാരണ മനുഷ്യര്‍, അബുവിന്റെ വഴി തെരഞ്ഞെടുക്കുന്നത് തോല്‍ക്കാനുള്ള മടികൊണ്ടാണ്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാവരും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. ഏതുമലയേയും നേരിടാനാകും എന്ന ഉള്‍ക്കരുത്തോടെ ചടുലമായി കുതിക്കണം. എല്ലാ ദുഃഖങ്ങളും മനസ്സിന്റെ ചെപ്പില്‍ അടച്ചുവെച്ച് ജീവിതത്തിന്റെ അവസാന ലാപ്പുവരെ ഓടിത്തീര്‍ക്കണം. അതിനിടയില്‍ ട്രാക്കില്‍ തട്ടിത്തടഞ്ഞുവീണ സോദരാ, ആദരാഞ്ജലികള്‍.’, അബു അരീക്കോടിനെ അനുസ്മരിച്ച് കെ ടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

പീഡനശ്രമം ചെറുത്ത 40-കാരിയായ യുവതിയെ 14-കാരൻ തല്ലിക്കൊന്നു

ഉത്തർപ്രദേശിൽ പീഡനശ്രമം ചെറുത്ത യുവതിയെ തല്ലിക്കൊന്ന് പ്രായപൂർത്തിയാവാത്ത ആൺകുട്ടി. ഹാമിർപൂരിൽ ഈ മാസം നാലിനായിരുന്നു സംഭവം. 40കാരിയായ യുവതിയാണ് 14കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പാടത്ത് പുല്ലുവെട്ടിക്കൊണ്ട് നിൽക്കുകയായിരുന്ന യുവതി. ഈ സമയം പിറകിലൂടെയെത്തി ഒമ്പതാം ക്ലാസുകാരൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി ചെറുത്തപ്പോൾ കുട്ടി ഇവരുടെ കൈയിലുണ്ടായിരുന്ന അരിവാളെടുത്തും മരക്കമ്പുകളുൾപ്പെടെ ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെയാണ് പിന്നീട് ഗ്രാമീണർ കാണുന്നത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ഇവിടെനിന്ന് ചണ്ഡീഗഢിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ നില വഷളാവുകയും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ആക്രമണ സ്ഥലത്തുനിന്നും അരിവാളും മരക്കമ്പുകളും മുറിഞ്ഞ സ്കെയിലും പേനയുടെ കഷണങ്ങളും പൊലീസ് കണ്ടെടുത്തു.

തുടർന്ന്, പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കുട്ടി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

17 വയസുള്ള ഭിന്നശേഷിക്കാരനായ മകനുള്ള യുവതി കൂലിപ്പണിക്ക് പോയാണ് കുടുംബത്തെ പോറ്റിയിരുന്നത്. കേസിൽ പ്രായപൂർത്തിയാവാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഹാമിർപൂർ പൊലീസ് സൂപ്രണ്ട് രാജേഷ് ഉപാധ്യായ് പറഞ്ഞു. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

‘നാടാകെ മെഡിക്കല്‍ കോളേജ് ഉണ്ടായിട്ട് കാര്യമില്ല, സൗകര്യം വേണം’; രോഗി മരിച്ച സംഭവത്തില്‍ ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോക്ടർ ഹരീസ് ചിറക്കൽ. നാടാകെ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ലെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജ് തുടങ്ങിയെന്നും പക്ഷേ അവിടെ അടിസ്ഥാന സൗകര്യം കുറവാണെന്നും ഹാരിസ് ചിറയ്ക്കൽ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിനെ തുടർന്ന് കൊല്ലം സ്വദേശി വേണു മരിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് വീണ്ടും വിമർശനമുയർത്തി മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് രംഗത്ത് എത്തിയത്.

വേണുവിനെ തറയില്‍ കിടത്തി ചികിത്സിച്ചതിനെ ഹാരിസ് വിമര്‍ശിച്ചു. ‘വേണുവിനെ തറയില്‍ ആണ് കിടത്തിയിരുന്നത്. തറയില്‍ എങ്ങനെ അണ് ഒരാളെ കിടത്തുന്നത്. ഒരാള്‍ക്ക് എങ്ങനെ ആണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാന്‍ കഴിയുന്നത്. എങ്ങനെ ആധുനിക സംസ്‌കാരത്തില്‍ തറയില്‍ കിടത്തി ചികില്‍സിക്കാനാകും. പ്രാകൃതമായ നിലവാരം ആണ്’, ഹാരിസ് പറഞ്ഞു.

ഒരിക്കല്‍ ഇത് ചൂണ്ടി കാണിച്ചത് ആണെന്നും അന്ന് വളരെ വിഷമകരമായ അവസ്ഥ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ന് സമൂഹവും മാധ്യമങ്ങളും കൂടെ നിന്നും. ന്യൂനത ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്. ആരെയും കുറ്റപ്പെടുത്തുക ആയിരുന്നില്ല ലക്ഷ്യം. നിരവധി പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ എത്തുന്നതെന്നും അത്രയും പേരെ ഉള്‍കൊള്ളാനുള്ള സൗകര്യം അവിടെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജ്ഞാതരായവർ വിളിക്കുമ്പോൾ അവരുടെ പേര് ഇനി നിങ്ങളുടെ മൊബൈൽ ഫോണിൽ ദൃശ്യമാകും

അജ്ഞാതരായവർ വിളിക്കുമ്പോൾ അവരുടെ പേര് ഇനി നിങ്ങളുടെ മൊബൈൽ ഫോണിൽ ദൃശ്യമാകും. വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിക്കുന്ന സേവനത്തിന്റെ പരീക്ഷണത്തിന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ തുടക്കം കുറിച്ചു. കോളിങ് നെയിം പ്രസന്റേഷൻ (സി.എൻ.എ.പി) എന്നാണ് ഈ സേവനത്തിന്റെ പേര്. നിലവിൽ ഹരിയാനയിലും ഹിമാചൽ പ്രദേശിലുമാണ് പദ്ധതി പരീക്ഷണം തുടങ്ങിയത്. അടുത്ത വർഷം മാർച്ചോടുകൂടി മറ്റു സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അജ്ഞാത നമ്പറുകൾ തിരിച്ചറിയാൻ ട്രൂകോളർ അടക്കമുള്ള ആപ്പുകളാണ് പലരും ആശ്രയിച്ചിരുന്നത്. ഇനി അത്തരം ആപ്പുകൾ മൊബൈൽ ഫോണിൽനിന്ന് ഒഴിവാക്കാമെന്നതാണ് വലിയ ആശ്വാസം.
റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ എന്നിവ ഹരിയാനയിലും ഭാരതി എയർടെൽ ഹിമാചൽ പ്രദേശിലുമാണ് സേവനം പരീക്ഷിക്കുന്നത്. നിലവിൽ ഈ സർക്കിളുകളിൽനിന്ന് മൊബൈൽ ഫോൺ കണക്ഷൻ എടുത്തവരുടെ പേര് മാത്രമാണ് പ്രദർശിപ്പിക്കുക. ഉദാഹരണത്തിന്, ഹരിയാനയിൽനിന്നോ ഹിമാചൽ പ്രദേശിൽനിന്നോ മൊബൈൽ ഫോൺ കണക്ഷൻ എടുത്ത ഉപഭോക്താവ് രാജ്യത്തെവിടെയെങ്കിലുമുള്ള മറ്റൊരാളെ വിളിച്ചാൽ പേര് ഫോണിൽ ദൃശ്യമാകും.

ദുർമന്ത്രവാദത്തിന്റെ പേരിൽ നടന്നത് ക്രൂര പീഡനങ്ങൾ.. യുവതിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്

ദുർമന്ത്രവാദത്തിന്റെ പേരിൽ ക്രൂര പീഡനം നേരിട്ടതായി യുവതിയുടെ വെളിപ്പെടുത്തൽ. കോട്ടയം സ്വദേശിയായ യുവതിയ്ക്ക് പ്രേതബാധയുണ്ടെന്നാരോപിച്ചായിരുന്നു ആഭിചാരക്രിയ നടന്നത്. ശരീരത്തിൽ ബാധയുണ്ടെന്ന് പറഞ്ഞ് പങ്കാളിയുടെ അമ്മയാണ് മന്ത്രവാദിയെ കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു. മണിക്കൂറുകളോളം നീണ്ട പൂജയ്ക്കിടെ ബലമായി ബീഡി വലിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. ഭസ്മം തീറ്റിക്കുകയും ബീഡികൊണ്ട് നെറ്റി പൊള്ളിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

പ്രാര്‍ഥിച്ച്   സോഫയിലിരിക്കാന്‍ പറഞ്ഞു. ഇരുന്നതിന് പിന്നാലെ കാലില്‍ പട്ടുകൊണ്ട് നീളത്തില്‍ കെട്ടി. 11 മണിയോടെ പൂജ തുടങ്ങിയെന്നും യുവതി പറയുന്നു. ബാധ ഒഴിപ്പിക്കുന്നതിനായി മുടിയില്‍ ആണി ചുറ്റി വിറകിന്‍ കഷണത്തില്‍ തറച്ചുവെന്നും മുടി പറിച്ചുമാറ്റിയെന്നും യുവതി പറയുന്നു.
പത്തുമണിക്കൂറോളം നീണ്ട പൂജകള്‍ക്കിടെ ബോധം മറയുന്നത് വരെ മദ്യം കുടിപ്പിച്ചുവെന്നും യുവതി ഓര്‍ത്തെടുത്തു.  താന്‍ മദ്യപിച്ചുവെന്നും ബീഡി വലിച്ചുവെന്നുമാണ് ഭര്‍ത്താവിന്‍റെ അമ്മയും പെങ്ങളും പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ബീഡി വലിച്ചതായി ഓര്‍മയില്ലെന്നും എന്നാല്‍ നെറ്റിയിലടക്കം പൊള്ളലേറ്റ പാടുകളുണ്ടെന്നും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. 


ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ അച്ഛന്‍, അമ്മ, സഹോദരി എന്നിവര്‍ പൂജാസമയത്ത് ഉണ്ടായിരുന്നു. ഭര്‍ത്താവിന് സ്വന്തം വീട്ടുകാരുടെ മന്ത്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നതായി കരുതുന്നില്ലെന്നും യുവതി പറഞ്ഞു. മന്ത്രവാദത്തിന്‍റെയും പൂജയുടെയും ദൃശ്യങ്ങള്‍ ഭര്‍ത്താവിന്‍റെ സഹോദരി മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ താന്‍ തന്‍റെ സഹോദരിക്കും പൊലീസിനും കൈമാറിയെന്നും യുവതി വ്യക്തമാക്കുന്നു. അതേസമയം, വിവാഹം ഇപ്പോള്‍ നടത്തരുതെന്ന് പൂജാരി പറഞ്ഞതിനാല്‍ തന്‍റെ വിവാഹം കുടുംബം നടത്തിയില്ലെന്നും ദോഷം മാറാന്‍ കാത്തിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. 


പൂജ നടത്തി മൂന്നാം ദിവസം തന്‍റെ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെ ഭയന്നു പോയി. മൂന്ന്ദിവസത്തിനുള്ളില്‍ ഫോണ്‍ കോള്‍ വരുമെന്ന് പൂജാരി തന്നോട് പറഞ്ഞിരുന്നുവെന്നും അമ്മയ്ക്ക് സുഖമില്ലെന്ന് വീട്ടില്‍ നിന്നും വിളിച്ച് പറഞ്ഞതോടെ താന്‍ ഭയന്നുവെന്നും തുടര്‍ന്നാണ് സഹോദരിയെ കണ്ട് വിവരം പറഞ്ഞതെന്നും യുവതി പറയുന്നു. സംഭവത്തിൽ പത്തനംതിട്ട സ്വദേശി ശിവദാസ്, യുവതിയുടെ ഭര്‍ത്താവ് അഖില്‍ദാസ്, പിതാവ് ദാസ് എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അഖില്‍ദാസിനെ പ്രണയിച്ച യുവതി ഒപ്പം ജീവിക്കുന്നതിനായി ഇറങ്ങിപ്പോരുകയായിരുന്നു. ഇങ്ങനെ ഭര്‍ത്താവിന്‍റെ വീട്ടില്‍ കഴിയുന്നതിനിടെയാണ് ദുരാത്മാക്കളെ ഒഴിപ്പിക്കാന്‍ ഭര്‍തൃമാതാവിന്‍റെ നിര്‍ദേശ പ്രകാരം മന്ത്രവാദം നടത്തിയത്.